സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചിക ഉയരുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

Update: 2026-03-16 05:17 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി സ്ഥലങ്ങളില്‍ അള്‍ട്രാവയലറ്റ് (യുവി) സൂചിക ഉയര്‍ന്നതായി റിപോര്‍ട്ട്. അതീവ ജാഗ്രതയുടെ ഭാഗമായി കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം കൊട്ടാരക്കര, ഒല്ലൂര്‍, തൃത്താല, ബേപ്പൂര്‍, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രപ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ സമയത്താണ് യുവി സൂചിക ഏറ്റവും ഉയരുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.

ശരീരം മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉചിതമാണ്.

യാത്രകളില്‍ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് സാധാരണയായി യുവി സൂചിക ഉയരുന്നത്. അതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: