പൗരത്വ നിഷേധത്തിനെതിരേ ഉലമ ലോങ് മാര്‍ച്ചും പ്രതിഷേധസമ്മേളനവും മാര്‍ച്ച് 26ന് പൊന്‍കുന്നത്ത്
ഭരണഘടനാ വിരുദ്ധമായ മുഴുവന്‍ കരിനിയമങ്ങളും പിന്‍വലിക്കുന്നത് വരെ പണ്ഡിതന്‍മാരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തും
ഈരാറ്റുപേട്ട: രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ത്ത്, ജനാധിപത്യ മതേതരത്വ ഇന്ത്യയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കാന്‍ പണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ കൂട്ടായ ജനമുന്നേറ്റം ഉണ്ടാവണമെന്ന് ഉലമാ സംയുക്ത സമിതി കോട്ടയം ജില്ലാ ചെയര്‍മാന്‍ സൈദ് മുഹമ്മദ് അല്‍ ഖാസിമി. ഈരാറ്റുപേട്ട ഫൗസിയാ ഓഡിറ്റോറിയത്തില്‍ നടന്ന ഉലമാ സംയുക്ത സമിതി കോട്ടയം ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്താകമാനം അലയടിച്ചു കൊണ്ടിരിക്കുന്ന സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ എല്ലാ മത പണ്ഡിതന്‍മാരെയും പങ്കെടുപ്പിച്ച് ഉലമാ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 26ന് വ്യാഴാഴ്ച 3.30 ന് പൊന്‍കുന്നത്ത് ലോങ് മാര്‍ച്ചും പൊതുസമ്മേളനവും നടത്താന്‍ യോഗം തീരുമാനിച്ചു.
ഭരണഘടനാ വിരുദ്ധമായ മുഴുവന്‍ കരിനിയമങ്ങളും പിന്‍വലിക്കുന്നത് വരെ പണ്ഡിതന്‍മാരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് യോഗത്തില്‍ സ്വാഗതമാശംസിച്ച സംയുക്ത സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ അബ്ദുന്നാസിര്‍ മൗലവി അല്‍ കൗസരി വ്യക്തമാക്കി. ഹാഫിസ് ഉനൈസ് മൗലവി, അബൂ ഷമ്മാസ് മൗലവി, അബ്ദുല്‍ ഹഖീം അസ്ഹരി, സുബൈര്‍ മൗലവി, സി എച്ച് നിസാര്‍ മൗലവി സംബന്ധിച്ചു.