യുക്രെയ്ന്‍ പ്രതിസന്ധി: കൊവിഡ് വ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന

Update: 2022-03-02 19:22 GMT

ജനീവ; യുക്രെയ്ന്‍ പ്രതിസന്ധി പുതിയ കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാമിന്റെ ഡയറക്ടര്‍ ഡോ. മൈക്ക് റയാനാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്‌ന്റെ സ്ഥിതി കൊവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഈ രീതിയില്‍ ലോകത്താകമാനം സഞ്ചരിക്കുകയാണെങ്കില്‍ കൊവിഡ് പടരാന്‍ സാധ്യതയൊരുക്കും. പലായനം ചെയ്യുന്നവര്‍ തങ്ങിഞെരുങ്ങിയാണ് കഴിയുന്നത്. അവര്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. കഴിയ്ക്കാന്‍ ഒന്നുമില്ല. ഉറങ്ങാനും കഴിയുന്നില്ല. അവര്‍ക്ക് രോഗം വരാനും അവരിലൂടെ രോഗം പടരാനും സാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രികളെയും ആക്രമിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അത് ലോകാരോഗ്യസംഘടന വളരെ ഗൗരവത്തിലാണ് കാണുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരെയും ആരോഗ്യസംവിധാനങ്ങളെയും തകര്‍ത്തതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നു. ഒരു ആശുപത്രിക്കെതിരേ വലിയ ഷെല്ലാക്രമണമാണ് നടന്നത്. അതില്‍ നാല് പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരിക്കേറ്റു. അതില്‍ ആറ് പേര്‍ ആശുപത്രി ജീവനക്കാരനാണ്- ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News