വൈഗൂര്‍ വംശഹത്യ: നിര്‍ബന്ധിത ഗര്‍ഭധഛിദ്രവും വന്ധ്യംകരണവും നടക്കുന്നതായി ചൈനീസ് ഡോക്ടര്‍

'വൈഗൂര്‍ വംശീയ ഉന്മൂലനം തന്നെയാണ് ചൈനയിലെ കമ്യൂണിസറ്റ് സര്‍ക്കാറിന്റെ വ്യക്തമായ ഉദ്ദേശ്യം. വൈഗൂറുകളോട് ചെയ്യുന്നതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനസംഖ്യാ നിയന്ത്രണ പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു.

Update: 2020-09-07 09:24 GMT

ഇസ്താംബൂള്‍: വൈഗൂര്‍ മുസ്‌ലിംകളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യാനായി ചൈനീസ് സര്‍ക്കാര്‍ നിര്‍ബന്ധിത ഗര്‍ഭധഛിദ്രവും വന്ധ്യംകരണവും നടത്തുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. ചൈനയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന വൈഗൂര്‍ വനിത ബ്രിട്ടീഷ് വാര്‍ത്താ ശൃംഖലയായ ഐടിവിയോടാണ് ഇത് വ്യക്തമാക്കിയത്. ചൈനീസ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിലും വന്ധ്യംകരണത്തിലും പങ്കെടുത്തതായി ഇവര്‍ പറഞ്ഞു.

'വൈഗൂര്‍ വംശീയ ഉന്മൂലനം തന്നെയാണ് ചൈനയിലെ കമ്യൂണിസറ്റ് സര്‍ക്കാറിന്റെ വ്യക്തമായ ഉദ്ദേശ്യം. വൈഗൂറുകളോട് ചെയ്യുന്നതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനസംഖ്യാ നിയന്ത്രണ പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ആ സമയത്ത്, ഇത് എന്റെ ജോലിയാണെന്ന് ഞാന്‍ കരുതി.' - പേര് വെളിപ്പെടുത്താതെ ഡോക്ടര്‍ പറഞ്ഞു.

ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ തടങ്കല്‍പ്പാളയങ്ങളില്‍ കുറഞ്ഞത് 1 ദശലക്ഷം വൈഗൂര്‍ മുസ്‌ലിംകളെങ്കിലും ഇപ്പോഴും തടവിലുണ്ട്. നിര്‍ബന്ധിത വന്ധ്യംകരണം, ഗര്‍ഭച്ഛിദ്രം, എന്നിവക്കു പുറമെ നിര്‍ബന്ധിത അവയവ ദാനത്തിനും വൈഗൂറുകളെ വിധേയമാക്കുന്നുണ്ട്. 3 ദശലക്ഷം പേരെ വരെ അവിടെ തടവുകാരായി പാര്‍പ്പിച്ചിരുന്നു. ഇതിനു പുറമെ മതവിരുദ്ധരാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക ബോര്‍ഡിംഗ് സ്‌കൂളുകളില്‍ അരലക്ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും തടവിലാക്കിയിട്ടുണ്ട്.

വൈഗൂര്‍ ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ് പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ ചെന്ന് സ്ത്രീകളെ പിടികൂടി കാംപുകളിലേക്ക് എത്തിച്ചാണ് അവരില്‍ ഗര്‍ഭ നിരോധന ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. കൈയുടെ മുകള്‍ഭാഗത്ത് ഓപ്പറേഷനിലൂടെ 'ഇംപ്ലാന്റബിള്‍ കോണ്‍ട്രസേപ്ഷന്‍' ഘടിപ്പിക്കുന്ന രീതിയാണ് ചെയ്തിരുന്നത്. ഗര്‍ഭിണികളെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനും വിധേയമാക്കിയിരുന്നു.

അന്ന് ചെയ്ത കാര്യങ്ങളിലെല്ലാം ഇപ്പോള്‍ ഖേദിക്കുന്നതായി തുര്‍ക്കിയില്‍ അഭയാര്‍ഥിയായി കഴിയുന്ന ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് അവര്‍ തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ടത്. 

Tags:    

Similar News