കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല സ്വര്‍ണമോഷണക്കേസില്‍ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാമെന്ന പ്രതീക്ഷയില്‍ ആവേശത്തോടെ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍, വസ്തുതകള്‍ പുറത്തുവന്നപ്പോള്‍ നിശബ്ദത പാലിക്കുകയാണെന്നും എം വി ഗോവിന്ദന്‍.
യുഡിഎഫ് നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതി 2017ല്‍ ശബരിമലയില്‍ നടത്തിയ കൊടിമരക്കൊള്ളയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് യുഡിഎഫിന്റെ അഴിമതി വ്യക്തമാക്കുന്നു. നിലവില്‍ പുറത്തുവന്ന ക്രമക്കേടുകള്‍ യുഡിഎഫ് ഭരണകാലത്ത് നടന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൊടിമരം മാറ്റുന്നതിനായി പിരിച്ച പണം എവിടെ പോയി. ഇത്തരത്തില്‍ കൊള്ള നടത്തിയവരെ പൂര്‍ണമായും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്ക് വര്‍ഗീയ വിരുദ്ധ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നയം വ്യക്തമാക്കണം. ജമാഅത്തെ ഇസ് ലാമി ബന്ധത്തില്‍ ലീഗിന്റെ നിലപാട് എന്താണെന്നും കൂട്ടുകെട്ട് വേണം എന്നതാണോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 12ന് നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും പങ്കുചേരണമെന്നും എം വി ഗോവിന്ദന്‍ ആഹ്വാനം ചെയ്തു. മലപ്പുറം ജില്ല വിഭജിക്കണം, പെരുന്നാള്‍ അവധി എന്ന സമസ്ത പ്രമേയത്തില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടത്. ജാഥയില്‍ എല്ലാം പറയേണ്ടതില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ മാത്രം മറുപടി പറഞ്ഞാല്‍ മതിയെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
