തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടും; സ്വര്‍ണക്കൊള്ളയടക്കമുള്ള വിഷയങ്ങള്‍ ജനം തിരിച്ചറിഞ്ഞെന്ന് കെ സി വേണുഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വര്‍ഗീയ കക്ഷികളുമായി യാതൊരുവിധ ബന്ധവുമില്ലെന്നും യുഡിഎഫില്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു
സര്‍ക്കാരിന്റെ സ്വര്‍ണക്കൊള്ളയടക്കമുള്ള വിഷയങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ജനവിധി തങ്ങള്‍ക്കനുകൂലമാകും എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഭരണം ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ ആകെയുള്ളത് 87 നഗരസഭകളില്‍ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലും യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലുമാണ്. പാലക്കാടും പന്തളത്തും ബിജെപിയാണ് ഭരിക്കുന്നത്.
14 ജില്ലാ പഞ്ചായത്തുകളില്‍ ഇടത് ഭരണമുള്ളത് 11 ഇടത്തും യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലുമാണ്. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്.
ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളില്‍ 571 എണ്ണത്തില്‍ ഭരണം കൈയ്യാളുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. 12 പഞ്ചായത്തുകളിലാണ് എന്‍ഡിഎ ഭരണമുള്ളത്.
