ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരിക്കും

പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രന്‍

Update: 2025-12-22 12:47 GMT

ആലപ്പുഴ: ആലപ്പുഴ നഗരസഭ യുഡിഎഫ് ഭരിക്കും. സ്വതന്ത്രന്റെ പിന്തുണ ഉറപ്പായതോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ഏറെ നാളത്തെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് നഗരസഭ തിരിച്ചു പിടിച്ചത്. യുഡിഎഫ് 23 സീറ്റിലും എല്‍ഡിഎഫ് 22 സീറ്റിലും ജയിച്ചതോടെയാണ് നഗരസഭയില്‍ സ്വതന്ത്രന്‍ നിര്‍ണായക ശക്തിയായത്. മംഗലം വാര്‍ഡില്‍ നിന്ന് ജയിച്ച ജോസ് ചെല്ലപ്പന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് 24 സീറ്റുകളുമായി നഗരസഭ ഭരിക്കാം.

ജോസ് മുന്നോട്ടു വെച്ച വികസന രേഖ അംഗീകരിക്കാമെന്ന ഉറപ്പിലാണ് പിന്തുണ. ആലപ്പുഴ നഗരത്തിന്റെ വികസനവും ലഹരിമുക്ത നഗരത്തിനുള്ള പദ്ധതികളും അടങ്ങിയതാണ് കരട് രേഖ. പദ്ധതികള്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ജോസ് ചെല്ലപ്പന് നല്‍കാനും യുഡിഎഫില്‍ ധാരണയായി. മുസ്‌ലിം ലീഗ് ആദ്യം എതിര്‍പ്പറിയിച്ചെങ്കിലും ഭരണം പിടിക്കാന്‍ മറ്റു വഴികളില്ലെന്നായതോടെയാണ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായത്. ലീഗിന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷസ്ഥാനം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ തവണ രണ്ട് ടേമുകളിലായി നഗരസഭ ഭരിച്ച ചെയര്‍പേഴ്‌സണ്‍മാരെ ഇത്തവണയും എല്‍ഡിഎഫ് മല്‍സരരംഗത്തിറക്കി വിജയിപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ഭരണം ലക്ഷ്യമിട്ട എല്‍ഡിഎഫിന്റെ സ്വപ്നങ്ങള്‍ സ്വതന്ത്രന്റെ അട്ടിമറിയില്‍ ഇല്ലാതായി.

Tags: