മലപ്പുറത്ത് ഒരു വാര്‍ഡില്‍ മല്‍സരിക്കാന്‍ യുഡിഎഫിന്റെ ഒന്‍പത് സ്ഥാനാര്‍ഥികള്‍

Update: 2025-11-24 07:37 GMT

മലപ്പുറം: മലപ്പുറം പള്ളിക്കല്‍ ബസാര്‍ പഞ്ചായത്തിലെ കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ മല്‍സരിക്കാന്‍ സ്ഥാനാര്‍ഥികളുടെ കുത്തൊഴുക്ക്. ഒന്‍പത് യുഡിഎഫ് സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്ന് ഏഴുപേരും ലീഗില്‍ നിന്ന് രണ്ടു പേരും പത്രിക നല്‍കി. വിഭാഗീയത അവസാനിപ്പിക്കാന്‍ ഡിസിസി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭാരവാഹികള്‍ കൂട്ടമായി പത്രിക നല്‍കിയത്.

യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ആരെന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച വാര്‍ഡുകളില്‍ ഒന്നാണ് കൂട്ടാലുങ്ങല്‍. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കിയവര്‍ക്ക് ഇന്ന് കൂടി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്. 1,54,547 നാമനിര്‍ദേശപത്രികള്‍ ലഭിച്ചപ്പോള്‍ 2,479 എണ്ണം തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം നവംബര്‍ 26 മുതല്‍ ആരംഭിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Tags: