ഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി, മര്‍ദ്ദിച്ചു; പാകിസ്താന്‍വിരുദ്ധ മുദ്രാവാക്യം വിളിച്ചു

Update: 2022-07-02 18:28 GMT

ഉദയ്പൂര്‍: തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ ദാരുണമായ കൊലപാതകത്തില്‍ നാല് പ്രതികളെ ജയ്പൂര്‍ കോടതിക്ക് പുറത്ത് ആള്‍ക്കൂട്ടം ആക്രമിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം തടവുകാരുടെ വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കോടതിക്ക് പുറത്ത് ജനക്കൂട്ടം പ്രതികളെ ചവിട്ടുകയും തല്ലുകയും ചീത്ത പറയുകയും ചെയ്തു.

നാല് പ്രതികളില്‍ ഒരാളുടെ വസ്ത്രങ്ങളും വലിച്ചുകീറിയിട്ടുണ്ട്. പ്രകോപിതരായ അഭിഭാഷകര്‍ പാകിസ്താനെതിരേ മുദ്രാവാക്യം വിളിക്കുകയും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പോലിസ് ഉടന്‍ തന്നെ പ്രതിയെ വാഹനത്തില്‍ കയറ്റിയതിനാല്‍ കൂടുതല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് തയ്യല്‍ക്കാരനായ കനയ്യ ലാലിനെ (48) ചൊവ്വാഴ്ച രണ്ടു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലയാളികളായ റിയാസ് അക്തരിയും ഗോസ് മുഹമ്മദും കൊലപാതകം ചിത്രീകരിച്ചു. പിന്നീട്, കൊലപാതകത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുമെന്നും ഭീഷണിമുഴക്കി.

സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അക്തരിയെയും മുഹമ്മദിനെയും അറസ്റ്റ് ചെയ്തത്. കനയ്യയുടെ വധത്തില്‍ പങ്കുണ്ടെന്നും കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രണ്ടുപേരെക്കൂടി പിന്നീട് അറസ്റ്റ് ചെയ്തു.

നാല് പ്രതികളെയും ജയ്പൂരിലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയിലാണ് ഹാജരാക്കിയത്. കോടതി പരിസരത്ത് കനത്ത പോലിസ് സന്നാഹമുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ 'പാകിസ്താന്‍ മുര്‍ദാബാദ്, കനയ്യയുടെ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി.

കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, തന്റെ അക്കൗണ്ടില്‍ നിന്ന് പങ്കിട്ട ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കനയ്യ ലാല്‍ ലോക്കല്‍ പോലിസിനോട് പറഞ്ഞിരുന്നു.

Tags:    

Similar News