ഉദയ്പൂര്‍ കൊലപാതകം: പ്രചരിച്ചത് ഊഹാപോഹങ്ങള്‍; 'ഭീകര'സംഘടനാ ബന്ധമില്ലെന്ന് എന്‍ഐഎ

Update: 2022-06-30 14:20 GMT

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തില്‍ 'ഭീകര'സംഘടനാ ബന്ധമില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). പ്രാഥമികാന്വേഷണത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് 'ഭീകര'സംഘടനയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളത് മാത്രമാണെന്നും അന്വേഷണസംഘം അറിയിച്ചു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട്. അറസ്റ്റിലായവര്‍ വലിയ സംഘത്തിലെ അംഗങ്ങളാവാം. അതൊരു 'ഭീകര' സംഘമാവാം. ഏതാനും 'ഭീകര' സംഘടനകളുടെ പങ്കാളിത്തം സംബന്ധിച്ച് ചില മാധ്യമങ്ങളുടെ റിപോര്‍ട്ടുകളും എന്‍ഐഎ നിഷേധിച്ചു.

കുറ്റവാളികളില്‍ ഒരാള്‍ക്ക് പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘടനയുമായി ബന്ധമുള്ളതായും 2014ല്‍ പാകിസ്താന്‍ സന്ദര്‍ശനം നടത്തിയതായുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രതികളായ റിയാസ് അഖ്താരിയെയും ഗൗസ് മുഹമ്മദിനെയും കസ്റ്റഡിയില്‍ വാങ്ങിയ എന്‍ഐഎ, വെള്ളിയാഴ്ച ജയ്പൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. പ്രതികളെ എന്‍ഐഎയുടെ ജയ്പൂര്‍ ഓഫിസില്‍ ചോദ്യം ചെയ്യുമെന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവരില്ലെന്നും ഏജന്‍സി അറിയിച്ചു. ഒരു ഇന്‍സ്‌പെക്ടര്‍ ജനറലിന്റെയും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഓഫിസറുടെയും മേല്‍നോട്ടത്തില്‍ എന്‍ഐഎയുടെ ആറ് മുതല്‍ 10 വരെ അംഗ സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നതെന്നും തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തുമെന്നും ഓഫിസര്‍ പറഞ്ഞു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എന്‍ഐഎ ബുധനാഴ്ചയാണ് ഏറ്റെടുത്തത്. യുഎപിഎയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് എന്‍ഐഎ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഏഴ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഉദയ്പൂരിലെത്തി കൊല്ലപ്പെട്ട കനയ്യലാലിന്റെ കുടുംബത്തെ കണ്ടു. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്നും അശോക് ഗെലോട്ട് പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജയ്പൂരില്‍ വ്യാപാരികള്‍ ബന്ദ് ആചരിച്ചു. ഉദയ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനമെടുത്തിരുന്നു. ഇന്നലെ നടന്ന സര്‍വകക്ഷി യോഗം കൊലപാതകത്തെ അപലപിക്കുകയും അക്രമങ്ങളിലേക്ക് തിരിയരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഉദയ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. സേനയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് എല്ലാ എസ്പിമാര്‍ക്കും ഐജിമാര്‍ക്കും സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News