കശ്മീരി പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് 11 വര്‍ഷംമുന്നെഴുതിയ ലേഖനത്തിന്റെ പേരില്‍ യുഎപിഎ

Update: 2022-04-18 12:55 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ 11 വര്‍ഷം മുന്നെഴുതിയ ഓണ്‍ലൈന്‍ ലേഖനത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. കശ്മീരിവാല എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ 2011ല്‍ എഴുതിയ ലേഖനത്തിന്റെ പേരിലാണ് ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ലേഖനം അതീവ ഗൗരവമുള്ളതും രാജ്യദ്രോഹപരവുമാണെന്നാണ് പോലിസ് പറയുന്നത്. കശ്മീരില്‍ സംഘര്‍ഷം ലക്ഷ്യമിട്ടാണ് ലേഖനം തയ്യാറാക്കിയതെന്നും പോലിസ് ആരോപിച്ചു.

അബ്ദുല്‍ അല ഫാസിലിയ്‌ക്കെതിരേയാണ് കേസെടുത്തത്. അദ്ദേഹം ഇപ്പോള്‍ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ കശ്മീര്‍ സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുകയാണ്.

അടിമത്തത്തിന്റെ ചങ്ങല തകര്‍ക്കുമെന്ന ശീര്‍ഷകമുള്ള ലേഖനത്തിലെ വാചകം അതീവ പ്രകോപനപരമാണെന്ന് പോലിസ് ആരോപിച്ചു. ജമ്മു കശ്മീരില്‍ പ്രകോപനമുണ്ടാക്കാനാണ് ലേഖനം ശ്രമിക്കുന്നതത്രെ. ഭീകരവാദത്തെ മഹത്വപ്പെടുത്താനുള്ള ശ്രമമെന്നും ആരോപിച്ചു.

2021 മാര്‍ച്ച് വരെ അഞ്ച് വര്‍ഷം യുജിസിയുടെ മൗലാന അസദ് നാഷണല്‍ ഫെല്ലോഷിപ്പ് ജേതാവാണ് ഫസില്‍. 2021 മാര്‍ച്ച് വരെ കേന്ദ്ര സര്‍ക്കാര്‍ 30,000 രൂപ വച്ച് നല്‍കിയെന്നും അതുപയോഗിച്ചാണ് പിഎച്ച്ഡി തീര്‍ത്തതെന്നും പോലിസ് പറയുന്നു.

ഫാസിലിയുടെയും കശ്മീരിവാല എഡിറ്റര്‍ ഫഹദ് ഷായുടെയും വസതികള്‍ ഞായറാഴ്ച പോലിസ് റെയ്ഡ് ചെയ്തിരുന്നു. മറ്റൊരു കേസില്‍ ഫഹദ് ഷാ ഇപ്പോള്‍ ജയിലിലാണ്.

Tags:    

Similar News