എന്‍ഐഎയ്ക്ക് തിരിച്ചടി; അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി

Update: 2023-02-08 08:06 GMT

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം കോടതി തള്ളി. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് തീരുമാനം. ജാമ്യം റദ്ദാക്കുന്നതിനാവശ്യമായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. അലന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് കോടതിയില്‍ എന്‍ഐഎ അപേക്ഷ സമര്‍പ്പിച്ചത്. ഫേസ്ബുക്കില്‍ അലന്‍ പോസ്റ്റുകളും വീഡിയോയും പങ്കുവയ്ക്കുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫേസ്ബുക് പോസ്റ്റുകള്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കരുതെന്ന് അലന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. 2021 സപ്തംബറിലാണ് കോടതി അലന് ജാമ്യം നല്‍കിയത്. എന്നാല്‍, ഇതിനുശേഷം പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലനെതിരേ ധര്‍മടം പോലിസ് കേസെടുത്തിരുന്നു.

മറ്റു കേസുകളില്‍ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മടം പോലിസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നും പോലിസും കോടതിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. 2019 നവംബറിലാണ് അലനെയും താഹാ ഫസലിനെയും മാവോവാദി ബന്ധമാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ യുഎപിഎയും ചുമത്തിയിരുന്നു.

Tags: