സിഎഎ സമരനായകര്‍ക്കെതിരേ യുഎപിഎ: കേന്ദ്ര സര്‍ക്കാരിന്റെ പോലീസ് ഭീകരതയ്‌ക്കെതിരേ സമരകാഹളവുമായി എസ്ഡിപിഐ

Update: 2020-05-05 16:52 GMT

കോഴിക്കോട്: എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും പൊതുപ്രവര്‍ത്തകരെയും ഭീകര നിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നിലപാടിനെതിരെ മെയ് 7 വ്യഴാഴ്ച്ച വൈകുന്നേരം കോഴിക്കോട് ജില്ലയിലെ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ സമരകാഹളം മുഴക്കുമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും നേതാക്കള്‍ അറിയിച്ചു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവില്ലെന്ന ധാരണയാണ് സര്‍ക്കാരിനെ ഇത്തരം നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ ജനങ്ങള്‍ അത് തിരുത്തും. ഡല്‍ഹി വംശഹത്യക്ക് നേതൃത്വം കൊടുത്തവര്‍ രാജ്യത്ത് സൈ്വര്യവിഹാരം നടത്തുമ്പോഴാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ തികച്ചും സമാധാനപരമായി സമരം നടത്തിയവര്‍ക്കെതിരെ ഭീകര നിയമങ്ങള്‍ ചുമത്തി ജയിലില്‍ അടയ്ക്കുന്നത്.

സര്‍ക്കാര്‍ പകവീട്ടല്‍ അറസ്റ്റ് നിര്‍ത്തി നിരപരാധികളെ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ പൊതുജനം പ്രതികരിക്കണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 200ഓളം ബ്രാഞ്ച് കേന്ദ്രങ്ങളില്‍ മെയ് 7 വ്യഴാഴ്ച്ച വൈകുന്നേരം 4 മണിക്കാണ് സമരകാഹളം സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ മീറ്റിംഗില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. 

Tags: