ടൗട്ടേ ചുഴലിക്കാറ്റ്: ഗുജറാത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമായി 24 മരണം

Update: 2021-05-18 06:58 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി ദുരിതം വിതച്ച ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമായി 24 പേരുടെ ജീവനെടുത്തു. മഹാരാഷ്ട്രയില്‍ 12ഉം കര്‍ണാടകയില്‍ 8ഉം പേരാണ് മരിച്ചത്. ഗുജറാത്തില്‍ 4 പേര്‍ മരിച്ചു.

തിങ്കളാഴ്ച രാത്രിയോടെ ഗുജറാത്ത് തീരം തൊട്ട ടൗട്ടേ ചൊവ്വാഴ്ചയോടെ ദുര്‍ബലമായി. അടുത്ത കുറച്ചുമണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 8.30നാണ് ഗുജറാത്തില്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. സംസ്ഥാനത്ത് വൈദ്യുതിനിലക്കാനും മരങ്ങള്‍ ഒടിഞ്ഞുവീഴാനും ഇത് കാരണമായി.

ഗുജറാത്തിലെ ഗീര്‍ സോമ്‌നാഥ്, അമരേലി, ഭവനഗര്‍ എന്നിവിടങ്ങളില്‍ കടുത്ത മഴ ലഭിച്ചു. ഗുജറാത്തിലെ സൗരാഷ്ട്രപ്രദേശത്ത് ചൊവ്വാഴ്ചയും മഴ ലഭിക്കും.

മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ 8,000ത്തോലം പേരെ ഒഴിപ്പിച്ചു. 4 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

മുംബൈയില്‍ സമുദ്രത്തില്‍ വലിയ തിരമാലകളുണ്ടായി. നഗരത്തില്‍ മണിക്കൂറില്‍ 114 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റടിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളവും അടച്ചു. ബാന്ദ്ര വര്‍ളി കടല്‍പ്പാലവും അടച്ചു.

ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ സജ്ജമാണ്. ഇതുപയോഗിച്ച് രണ്ട് ബാര്‍ജുകളിലെ 410ഓളം പേരെ സുരക്ഷിതസ്ഥാനത്തെത്തിച്ചു.

Tags: