ശ്രീനഗറില്‍ രണ്ട് അധ്യാപകരെ വെടിവച്ചുകൊന്നു

Update: 2021-10-07 09:48 GMT

ശ്രീനഗര്‍: ശ്രീനഗറില്‍ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും ഒരുഅധ്യാപകനെയും വെടിവച്ചുകൊന്നു. ശ്രീനഗര്‍ ഈദ് ഗാഹ് പ്രദേശത്തെ സര്‍ക്കാര്‍ ബോയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ് സായുധരുടെ വെടിയേറ്റ് മരിച്ചത്. വെടിവയ്പ് നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളാരും സ്‌കൂളിലുണ്ടായിരുന്നില്ല. കശ്മീരിലെ സ്‌കൂളുകള്‍ ഇപ്പോഴും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.

മൂന്ന് പേര്‍ വെടിയേറ്റ് മരിച്ച് 48 മണിക്കൂറിനുള്ളിലാണ് ഇപ്പോള്‍ രണ്ട് പേര്‍ കൂടി മരിച്ചത്. ദി റസിസ്റ്റന്റ് ഫ്രന്റ് ആണ് ആക്രമണത്തിനു പിന്നിലെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു.

മരിച്ചവര്‍ സിഖ്, ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് പോലിസിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അധ്യാപകന്‍ ദീപക് ചന്ദും പ്രിന്‍സിപ്പല്‍ സുപുന്ദര്‍ കൗറുമാണ് മരിച്ചത്.

തോക്കുമായി സ്‌കൂളിലെത്തിയ സായുധര്‍ ഐഡി കാര്‍ഡ് പരിശോധിച്ചാണ് വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.