വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് മരണം

Update: 2022-12-12 00:57 GMT

മുംബൈ: മഹാരാഷ്ട്രയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. റായ്ഗഢ് ജില്ലയിലെ ഖോപോളി ടൗണിന് സമീപം മലയോരമേഖലയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 47 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ചെമ്പൂര്‍ ക്യാംപിലെ താമസക്കാരിയായ ഹിതിക ഖന്ന (17), സബര്‍ബന്‍ ഘാട്‌കോപ്പറിലെ അസല്‍ഫ ഗ്രാമത്തില്‍ താമസിക്കുന്ന രാജ് രാജേഷ് മാത്രെ (16) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടോടെ ലോണവാല ഹില്‍ സ്‌റ്റേഷന് 14 കിലോമീറ്റര്‍ അകലെ പഴയ മുംബൈ- പൂനെ ഹൈവേയിലെ മാജിക് പോയിന്റ് കുന്നിന് സമീപമാണ് അപകടം സംഭവിച്ചത്. ബസ്സിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ സബര്‍ബന്‍ ചെമ്പൂരില്‍ നിന്നുള്ള ഒരു കോച്ചിങ് ക്ലാസിലെ 49 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. ഇവരെല്ലാവരും 10ാംക്ലാസ് വിദ്യാര്‍ഥികളാണ്. ലോണാവാലയിലേക്കാണ് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളും ഡ്രൈവറും ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റായ്ഗഢ് പോലിസ് പറഞ്ഞു.

Tags: