റേഡിയന്റ് വാമര്‍ അമിതമായി ചൂടായി; ഐസിയുവില്‍ രണ്ട് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

Update: 2022-10-28 06:32 GMT

ജയ്പൂര്‍: നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിലെ റേഡിയന്റ് വാര്‍മര്‍ അമിതമായി ചൂടായതിനെത്തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ഭില്‍വാരയിലുളള മഹാത്മാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ബുധനാഴ്ചയും 10 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് വ്യാഴാഴ്ചയുമാണ് മരിച്ചത്. രണ്ട് കുട്ടികള്‍ക്കും അമിത ചൂടേറ്റതിനെത്തുടര്‍ന്ന് പൊള്ളലേറ്റു. നാല്‍പ്പതോളം കുഞ്ഞുങ്ങളാണ് എന്‍ഐസിയുവിലുണ്ടായിരുന്നത്.

കുട്ടികളുടെ മരണത്തില്‍ പ്രതിഷേധവുമായെത്തിയ കുടുംബാംഗങ്ങളെ പോലിസ് ഇടപെട്ടാണ് അനുനയിപ്പിച്ചത്. നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടികളുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ പാല്‍ നല്‍കാന്‍ ഒരു കുട്ടിയുടെ അമ്മ റേഡിയന്റ് വാമറിനു സമീപമെത്തിയിരുന്നു. ഈ സമയത്ത് അബദ്ധത്തില്‍ താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന സെന്‍സറില്‍ സ്പര്‍ശിച്ചതാവാം അപകടത്തിനു കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുണ്‍ ഗൗര്‍ പറഞ്ഞു. സംഭവത്തില്‍ ഒരു നഴ്‌സിനെ പിരിച്ചുവിട്ടിട്ടുണ്ട്.

Tags: