സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം റിപോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ പോലിസ് കസ്റ്റഡിയില്‍
സിംഘു: സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം റിപോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ മന്‍ദീപ് പുനിയ, ഓണ്‍ലൈന്‍ ന്യൂ ഇന്ത്യയിലെ ധര്‍മേന്ദര്‍ സിങ് എന്നിവരെയാണ് ശനിയാഴ്ച രാത്രി വൈകി പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കസ്റ്റഡിയിലെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
പുനിയ കാരവനിനുവേണ്ടി നിരവധി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്തയാളാണ്.
മന്‍ദീപ് പുനിയ
പുനിയയ്‌ക്കെതിരേ ആലിപൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഐപിസി 186, 332, 353 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് അഡി. ഡിസിപി ജെ മീന പറഞ്ഞതായി കാരവന്റെ ഹര്‍ദോഷ് സിങ് ബാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിംഘുവിലെ സമരപ്പന്തലില്‍ ആക്രമണം നടത്തിയ 'നാട്ടുകാരെ' തിരിച്ചറിയുന്നതിനുള്ള ശ്രമത്തിലേര്‍പ്പെടുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്.
ആദ്യം പുനിയയെ അറസ്റ്റ് ചെയ്‌തെന്ന വിവരം പോലിസ് നിഷേധിച്ചിരുന്നു. സിംഘുവില്‍ 'നാട്ടുകാര്‍' എന്ന പേരില്‍ ചില അക്രമികള്‍ നടത്തിയ സംഘര്‍ഷത്തിന് ദൃക്‌സാക്ഷിയായിരുന്നു പുനിയ.
ധര്‍മേന്ദര്‍ സിങ്ങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രദേശവാസികളുമായി സംസാരിച്ചുനില്‍ക്കുന്ന പോലിസുകാരുടെ വീഡിയോ പകര്‍ത്തുന്നതിനിടയിലാണ് ധര്‍മേന്ദറെ അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകര്‍ പോലിസിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.