ആലപ്പുഴയില്‍ രണ്ട് ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചു

Update: 2026-03-12 03:04 GMT

ആലപ്പുഴ: പള്ളാത്തുരുത്തിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെ പൂന്തിരം ഭാഗത്താണ് സംഭവം. അനാഹിത, കാതറിന്‍ എന്നീ ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

അപകടസമയത്ത് ഒരു ബോട്ടില്‍ ഉത്തരേന്ത്യക്കാരായ നാല് യാത്രക്കാരുണ്ടായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇവര്‍ കരയിലേക്ക് മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആറ് ബെഡ്‌റൂമുകളുള്ള ഒരു ബോട്ടും നാല് ബെഡ്‌റൂമുകളുള്ള മറ്റൊരു ബോട്ടുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബോട്ടിലെ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. ഈ ബോട്ടില്‍ നിന്ന് തീ തൊട്ടടുത്തുള്ള ബോട്ടിലേക്ക് പടരുകയായിരുന്നു.

തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടി തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. ഹൗസ് ബോട്ടുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് അഗ്‌നിശമന സേനയ്ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ അല്‍പം വൈകിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ബോട്ട് ഉടമകള്‍ക്ക് സംഭവിച്ചിരിക്കുന്നത്.

Tags: