കൊല്ലം തീരത്ത് ബോട്ടില്‍ കപ്പല്‍ ഇടിച്ചു; രണ്ടു മല്‍സ്യത്തൊഴിലാളികളെ കാണാതായി
കൊല്ലം: ശക്തികുളങ്ങരയില്‍ നിന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ടില്‍ വിദേശ കപ്പല്‍ ഇടിച്ച് രണ്ടു മല്‍സ്യത്തൊഴിലാളികളെ കാണാതായി. ഇന്നലെ രാത്രി കൊല്ലം തീരത്തുനിന്ന് ഏകദേശം 120 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം
വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം 11 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മല്‍സ്യബന്ധനത്തിനിടെ വിദേശ കപ്പല്‍ ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകരുകയും മിനിറ്റുകള്‍ക്കകം കടലില്‍ മുങ്ങുകയും ചെയ്തു. അപകടം നടന്ന ഉടന്‍ കപ്പല്‍ അധികൃതര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ടുപേരെയാണ് ഇപ്പോഴും കണ്ടെത്താനാകാത്തത്.
രക്ഷപ്പെട്ടവരെ കൊച്ചിയിലേക്കോ വിഴിഞ്ഞത്തേക്കോ എത്തിക്കാനാണ് നീക്കം. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെയും തീരദേശ പോലിസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
രക്ഷപ്പെടുത്തിയ തൊഴിലാളികളെ വിഴിഞ്ഞം അല്ലെങ്കില്‍ കൊച്ചി തുറമുഖത്ത് എത്തിച്ച ശേഷം അവരുടെ മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് ഔദ്യോഗിക നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.