ഇന്‍ഡോര്‍ കുടിവെള്ള ദുരന്തത്തിന് പിന്നാലെ മധ്യപ്രദേശില്‍ ജിബിഎസ് പടരുന്നു; നീമുച്ചില്‍ രണ്ടു മരണം

Update: 2026-01-18 07:12 GMT

ഭോപാല്‍: സര്‍ക്കാര്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇരുപതിലധികം പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ ഗില്ലിന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ്) പടരുന്നു. നീമുച്ച് ജില്ലയില്‍ രോഗബാധയെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കുടിവെള്ളത്തിലോ ശുദ്ധമല്ലാത്ത ഭക്ഷണത്തിലോ ഉണ്ടായ മലിനീകരണമല്ല രോഗവ്യാപനത്തിന് കാരണമെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നത്. എന്നാല്‍ മനസ പട്ടണത്തില്‍ പന്ത്രണ്ടിലധികം ജിബിഎസ് കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ഏകദേശം 35,000 പേര്‍ താമസിക്കുന്ന പ്രദേശത്ത് ഇതുവരെ 14 കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കാനും പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ ജിബിഎസ് രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജമാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ആവശ്യമായ മറ്റ് അടിയന്തര ക്രമീകരണങ്ങള്‍ നടത്താനും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലശുദ്ധീകരണ പ്ലാന്റ് ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുടിവെള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. രോഗികളുടെ രക്ത സെറം, ഭക്ഷ്യവസ്തുക്കള്‍, മറ്റു ബന്ധപ്പെട്ട സാമ്പിളുകള്‍ എന്നിവ ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലെ പ്രത്യേക ലബോറട്ടറികളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ എട്ടു തവണ തുടര്‍ച്ചയായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നല്‍കിയ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലര്‍ന്നുണ്ടായ ദുരന്തത്തില്‍ 23 പേര്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്ത് ജിബിഎസ് വ്യാപനം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്‍ഡോര്‍ കുടിവെള്ള ദുരന്തത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ, സംഭവത്തെ പകര്‍ച്ചവ്യാധിയായി വിശേഷിപ്പിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags: