ആന്ധ്രയില്‍ പഞ്ചസാര ഫാക്ടറിയില്‍ തീപ്പിടിത്തം; രണ്ട് മരണം, ആറുപേര്‍ക്ക് പരിക്ക്

Update: 2022-08-19 17:03 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനടയില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ വെന്തുമരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് ഇലക്ട്രിക്കല്‍ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകള്‍ കയറ്റാന്‍ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കണ്‍വെയര്‍ ബെല്‍റ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കാക്കിനട എസ്പി രവീന്ദ്രനാഥ് ബാബു അറിയിച്ചു.

Tags: