'രണ്ട് ദിവസം ലോക്ക് ഡൗണ്‍...?': ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ആശങ്കയറിയിച്ച് സുപ്രിംകോടതി

Update: 2021-11-13 08:50 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തോത് പരിധി വിട്ട സാഹചര്യത്തില്‍ അടിയന്തര നടപടി എന്താണെന്ന് അറിയിക്കാന്‍ സുപ്രിംകോടതി കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടു. ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന മലിനീകരണത്തോത് വീടുകളില്‍പ്പോലും മാസ്‌കില്ലാതെ കഴിയാന്‍ പറ്റാത്ത സ്ഥിതിയായെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. 

''നിങ്ങള്‍ പറയൂ എന്താണ് അടിയന്തരമായി ചെയ്യാന്‍ പോകുന്നത്? രണ്ട് ദിവസത്തെ ലോക്ക് ഡൗണ്‍? എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് കുറച്ചുകൊണ്ടുവരാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?''- ചീഫ് ജസ്റ്റിസ് ചോദിച്ചു.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ഒരു അടിയന്തര യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

''കേന്ദ്രത്തിന്റെയോ സംസ്ഥാനങ്ങളുടെയോ ഉത്തരവാദിത്തമെന്നതില്‍ നിന്ന് അതീതമായി പ്രശ്‌നം പരിശോധിക്കുക. അടുത്ത രണ്ട് മൂന്ന് ദിവസത്തേക്കെങ്കിലും എന്തെങ്കിലു ചെയ്യേണ്ടതുണ്ട്. ഡല്‍ഹിയില്‍ ശ്വസിക്കുകയെന്ന് പറഞ്ഞാല്‍ ദിവസവും 20 സിഗരറ്റ് വലിക്കുന്നതിനു തുല്യമാണ്. പ്രശ്‌നം ഗുരുതരമാണെന്ന് തങ്ങള്‍ സമ്മതിച്ചുവെന്ന് സംസ്ഥാനങ്ങള്‍ പറയുന്നു- കോടതി പറഞ്ഞു. 

വായു മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു പ്രധാന ഘടകമായ വൈക്കോല്‍ കത്തിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് പഞ്ചാബ് ഉറപ്പുനല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നത് നിര്‍ബാധം തുടരുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.

വായുമലിനീകരണം അതീവഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെ ജനങ്ങളോട് പുറത്തിറങ്ങിയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാനും സ്വകാര്യ ഓഫിസുകളോട് വാഹനങ്ങളുടെ ഉപയോഗം 30 ശതമാനം കുറയ്ക്കാനും മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ടത്തെ കണക്കനുസരിച്ച് ന്യൂഡല്‍ഹിയിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 471 ആണ്. വ്യാഴാഴ്ച അത് 411 ആയിരുന്നു. പഞ്ചാബ്, യുപി, ഹരിയാന തുടങ്ങി ഡല്‍ഹിയിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കൃഷിക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വയല്‍കത്തിക്കലാണ് ഡല്‍ഹിയിലെ ഗുരുതരാവസ്ഥയ്ക്ക് ഒരു കാരണം. അതേസമയം ഡല്‍ഹിയിലെ അധികരിച്ച വാഹന ഗതാഗതം മറ്റൊരു കാരണമാണ്.

നവംബര്‍ 18വരെ ഇതേ സാഹചര്യം തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലെ കുറഞ്ഞ താപനിലയും കാറ്റിന്റെ കുറഞ്ഞ ഗതിവേഗവും മലിനീകരണത്തിന്റെ തോത് വര്‍ധിപ്പിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് കുട്ടികളെ രക്ഷിതാക്കള്‍ പുറത്തുവിടുന്നില്ല. ഗുരുതര രോഗബാധയുള്ളവരെയും ഇത് ഗുരുതരമായി ബാധിച്ചേക്കും.

നവംബര്‍ 8നു ശേഷം 24,694 ഇടങ്ങളില്‍ തീ കണ്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് സാറ്റലൈറ്റ് ഹീറ്റ് സെന്‍സിങ് ഡാറ്റ പരിശോധിച്ച് കണ്ടത്തിയിട്ടുണ്ട്. 2012നു ശേഷം ഏറ്റവും കൂടുതലാണ് ഇത്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന തരികള്‍ വായുവില്‍ തങ്ങിനില്‍ക്കുന്നുണ്ട്. സുരക്ഷിതമായ അളവ് ക്യുബിക് മീറ്ററിന് 60 ഗ്രാം ആണെങ്കില്‍ നിലവില്‍ ഡല്‍ഹിയില്‍ അത് 381 മൈക്രോഗ്രാം ആണ്. പുകയുടെ അളവ് വര്‍ധിച്ചതിനാല്‍ ഡല്‍ഹി എന്‍സിആറില്‍ ദൃശ്യത കുറഞ്ഞിട്ടുണ്ട്. 200 മീറ്റര്‍ വരെയാണ് ഇപ്പോള്‍ ദൃശ്യത ലഭിക്കുന്നത്.

Tags:    

Similar News