സംഭലില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ട് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Update: 2025-07-28 10:07 GMT

സംഭല്‍: സംഭല്‍ ജില്ലയില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ടുദലിത് യുവാക്കളെ ഒരു ജനക്കൂട്ടം തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ജൂലൈ 22 ന് ബര്‍ഹായ് വാലി ബസ്തിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇരകളില്‍ ഒരാളുടെ മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. നന്ദ് കിഷോര്‍, ഭരത്, ദബ്ബു, ഭുര എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. തിരിച്ചറിയാത്ത 10 മുതല്‍ 12 പേര്‍ക്കെതിരെ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നഹര്‍ ധേര്‍ ഗ്രാമത്തില്‍ താമസിക്കുന്ന സുനിതയുടെ 20 വയസ്സുള്ള മകന്‍ സുന്ദര്‍, 22 വയസ്സുള്ള ബന്ധുവായ ഷാനി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭലിലെ കന്‍വാര്‍ ഘോഷയാത്ര കാണാന്‍ പോയ ഇവരെ, ചില പ്രദേശവാസികള്‍ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുവയ്ക്കുകയായിരുന്നു. ഒരു തൂണില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ രണ്ട് പേരും നിലവില്‍ ആശുപത്രിയിലാണ്.

കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, തെറ്റായി തടങ്കലില്‍ വയ്ക്കല്‍, പരിക്കേല്‍പ്പിക്കല്‍, മനപ്പൂര്‍വമായ അപമാനം, ക്രിമിനല്‍ ഭീഷണി എന്നിവയുള്‍പ്പെടെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങളും കേസില്‍ ഉള്‍പ്പെടുന്നു.

Tags: