എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ട് കുട്ടികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

Update: 2021-12-28 02:56 GMT

കാസര്‍കോഡ്: കാസര്‍കോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരായ രണ്ട് കുഞ്ഞുങ്ങള്‍ കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങളിലായി മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചു. പതിനൊന്ന് വയസ്സുകാരനായ മുഹമ്മദ് ഇസ്മായിലും കുഞ്ഞാറ്റ എന്ന് വിളിക്കുന്ന അഞ്ച് വയസ്സുകാരി അമേയയുമാണ് മരിച്ചത്.

അജാനൂരിലെ മൊയ്തു, മിസ്രിയ ദമ്പതികളുടെ മകനായ ഇസ്മായില്‍ കര്‍ണാടകയിലെ യേനപ്പോയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ള കുട്ടിയാണ്. യേനപ്പോയയില്‍ ചികില്‍സാ സഹായം കേരള സര്‍ക്കാര്‍ ആഴ്ചകള്‍ക്കു മുമ്പ് നിര്‍ത്തിവച്ചിരുന്നു. സാമൂഹികപ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് സഹായം ലഭിച്ചത്.

ദലിത് കുടുംബത്തിലെ മനു, സുമിത്ര ദമ്പതികളുടെ മകളാണ് രണ്ടാമത് മരിച്ച അമേയ. നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. സാമ്പത്തിക പ്രശ്‌നം മൂലം ചികില്‍സ തുടരാന്‍ കഴിഞ്ഞിരുന്നില്ല. ആറ് മാസം മുമ്പാണ് സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ തിരുവനന്തപുരം ശ്രീചിത്രയില്‍ ചികില്‍സ ആരംഭിച്ചത്. ദുരിതബാധിതരുടെ പട്ടികയില്‍ പെടാത്തതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പട്ടികയില്‍ പെടുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാര്‍ ചില പട്ടികകള്‍ തയ്യാറാക്കാറുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ പുറത്താക്കുകയും ചെയ്യും. 2017ല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ട 511 പേരെ പട്ടികില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് നീണ്ട സമരം നടത്തിയാണ് അവരെ തിരികെയെത്തിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ നിരവധി രോഗികള്‍ സര്‍ക്കാരിന്റെ പട്ടികയില്‍ പെടാത്തവരായുണ്ട്. അവരിലൊരാളാണ് മരിച്ച അമേയ.

ചികില്‍സാ സൗകര്യങ്ങള്‍ കുറഞ്ഞ കാസര്‍കോഡ് ജില്ലയില്‍ ഒരു എയിംസ് തുടങ്ങണമെന്ന ആവശ്യത്തിനും ദശകങ്ങളുടെ പഴക്കമുണ്ട്. 

Tags:    

Similar News