ഡല്‍ഹി ഹരിനഗറിലെ കൂട്ടബലാല്‍സംഗം: രണ്ട് പേരെ അറസ്റ്റ് ചെയ്തു

Update: 2021-12-29 03:07 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഹരിനഗറില്‍ ഒരു സ്ത്രീയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് രണ്ട്‌പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഒരു ഫോണ്‍കോളിലൂടെ കൂട്ടബലാല്‍സംഗ വിവരം പുറംലോകമറിയുന്നത്. സംഭവമറിഞ്ഞ ശേഷം സ്ഥലത്തെത്തിയ പോലിസ് ടീം ബലാല്‍സംഗം ചെയ്യപ്പെട്ട നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.

തന്നെ എവിടെനിന്നാണ് അക്രമികള്‍ പിടികൂടി കാറില്‍ കയറ്റിയതെന്ന് ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് പറയാനായില്ലെന്ന് പോലിസ് പറയുന്നു. എവിടേക്കാണ് കൊണ്ടുപോയതെന്നും അവര്‍ക്ക് പറയാനായില്ല.

സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്.

ഇപ്പോള്‍ പിടികൂടിയ പ്രതിക്ക് തിങ്കളാഴ്ചയാണ് 18 തികയുന്നത്. രണ്ട് പേരും അവരുടെ ജന്മദിനാഘോഷം നടത്തുകയായിരുന്നു. രണ്ടാമന് നിരവധി കുറ്റകൃത്യങ്ങളില്‍ നേരത്തെയും പങ്കുണ്ട്.

സാഗര്‍പുര പ്രദേശത്ത് നില്‍ക്കുകയായിരുന്ന സ്ത്രീയെ ഇവര്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. പിന്നീട് നിഹാല്‍ വിഹാറിലേക്ക് കൊണ്ടുപോയി ലൈംഗികപീഡനത്തിനു വിധേയയാക്കിയെന്ന് പോലിസ് പറയുന്നു.  

Tags: