മംഗളൂരു: വിദേശത്ത് നല്ല ശമ്പളമുള്ള ജോലികള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആനേക്കല്‍ താലൂക്കിലെ വീവേഴ്സ് കോളനിയില്‍ താമസിക്കുന്ന യു പ്രകൃതി (34), ഉഡുപ്പിയിലെ കുന്താപുരം ഗംഗോളി ചര്‍ച്ച് റോഡില്‍ താമസിക്കുന്ന ആള്‍ട്ടണ്‍ റെബെല്ലോ (42)യുമാണ് അറസ്റ്റിലായത്. ഏകദേശം ഒരു കോടിയോളം രൂപ ഇവര്‍ കൈക്കലാക്കിയതായി കണ്ടെത്തി.
പ്രതികള്‍ വിദേശ തൊഴില്‍ വിസകളും ആകര്‍ഷകമായ ശമ്പളമുള്ള ജോലികളും ലഭ്യമാക്കാമെന്ന് ഉറപ്പു നല്‍കി വന്‍ തുക പിരിച്ചെടുത്തതായി പോലിസ് കണ്ടെത്തി. എന്നാല്‍ ജോലി ലഭിക്കാത്തവരുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. IPC 406, 420, 149 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ വിശ്വാസ ലംഘനം, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വിദേശ ജോലിയെന്ന വ്യാജേന ആളുകളില്‍ നിന്ന് പാസ്പോര്‍ട്ടുകളും പണവും ശേഖരിച്ച് ശൃംഖലയായി പ്രവര്‍ത്തിച്ചിരുന്നതായി പോലിസ് കണ്ടെത്തി. തുടര്‍ പരിശോധനയില്‍ പ്രതികളുടെ താമസസ്ഥലത്തു നിന്നും 24 പാസ്പോര്‍ട്ടുകള്‍, 4.3 ലക്ഷം രൂപ വിലവരുന്ന 43 ഗ്രാം സ്വര്‍ണം, തട്ടിപ്പിന് ഉപയോഗിച്ച രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലിസ് പിടിച്ചെടുത്തു.