ഗുജറാത്തില്‍ മുതലയെ തല്ലിക്കൊന്നു; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2026-01-25 09:19 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദര ജില്ലയില്‍ മുതലയെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വിത്തല്‍ നായക്, ബിപിന്‍ നായക് എന്നിവരെയാണ് കര്‍ജന്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് വനം വകുപ്പ് നടപടിയെടുത്തത്. വീഡിയോയില്‍ മുതലയെ വടികൊണ്ട് അടിച്ചു കൊല്ലുന്നതും, ചിലര്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നതും വ്യക്തമായി കാണുന്നുണ്ട്. തുടര്‍ന്ന് കൊല്ലപ്പെട്ട മുതലയെ ജഡം ഗ്രാമത്തിലെ ഒരു കുളത്തിലേക്ക് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. കര്‍ജന്‍ താലൂക്കിലെ ചോര്‍ഭുജ് ഗ്രാമത്തില്‍ ജനുവരി 17നാണ് സംഭവം.

സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്ത് കര്‍ജന്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. അഞ്ചുവയസ്സ് പ്രായവും ഏകദേശം അഞ്ചടി നീളവുമുള്ള മുതലയാണ് കൊല്ലപ്പെട്ടത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരേ കുറ്റപത്രം ഫയല്‍ ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

Tags: