കാലിത്തൊഴുത്തില്‍ ലിംഗനിര്‍ണയ കേന്ദ്രം; രണ്ടു പേര്‍ പിടിയില്‍

Update: 2025-11-27 07:40 GMT

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ കന്നുകാലി ഷെഡിന് ഉള്‍വശം രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഭ്രൂണ ലിംഗനിര്‍ണയ ക്ലിനിക്ക് പോലിസ് റെയ്ഡ് ചെയ്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്ലസ് ടു യോഗ്യത മാത്രമുള്ള സതീഷ് സോനാവാനെയും ജല്‍ന ഭോക്കര്‍ദാനില്‍ പ്രവര്‍ത്തിക്കുന്ന തേജസ് പത്തോളജി ലാബിന്റെ ഉടമ കേശവ് ഗവാണ്ടെയെയുമാണ് അറസ്റ്റിലായത്. നിയമവിരുദ്ധ ലിംഗനിര്‍ണയവും ഗര്‍ഭഛിദ്രവും വര്‍ധിച്ചുവരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നഞ്ച വാഡി ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യ കേന്ദ്രത്തിലെത്തിയത്. പരിശോധനയ്ക്കായി കാത്തിരുന്ന മൂന്നു സ്ത്രീകളെയും ഇവിടെ നിന്നും കണ്ടെത്തി.

റെയ്ഡിനിടെ മെഡിക്കല്‍ പരിശോധനാ ഉപകരണങ്ങള്‍, പോര്‍ട്ടബിള്‍ സ്‌കാന്‍ മെഷീന്‍, ഗര്‍ഭഛിദ്ര ഗുളികകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലിസ് പിടിച്ചെടുത്തു. ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്‌കൂള്‍ സമുച്ചയത്തിന് ചേര്‍ന്നാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലിസ് അറിയിച്ചു. ഛത്രപതി സംഭാജിനഗര്‍, ബീഡ്, ജല്‍ന ജില്ലകളില്‍ നേരത്തെയും സതീഷ് സോനാവാനെതിരേ സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതേ തഹ്‌സിലില്‍ 2024 ജൂലയിലും സമാന മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഗര്‍ഭഛിദ്ര കേന്ദ്രം കണ്ടെത്തിയിരുന്നു. അന്ന് ജല്‍ന, ബുള്‍ദാന ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Tags: