ട്വിറ്റര്‍ പരാതിപരിഹാര ഓഫിസര്‍ വിനയ് പ്രകാശ് പുതിയ ഐടി സഹമന്ത്രിയുടെ മുന്‍ പോളിസി അനലിസ്റ്റ്

Update: 2021-07-12 10:58 GMT

ന്യൂഡല്‍ഹി: ട്വിറ്ററിന്റെ പുതിയ പരാതി പരിഹാര ഓഫിസര്‍ വിനയ് പ്രകാശ് പുതിയതായി നിയമിതനായ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുടെ ഓഫിസിലെ മുന്‍ പോളിസി അനലിസ്റ്റ്. സൗത്ത് ഏഷ്യന്‍ സെക്യൂരിറ്റിയില്‍ ഡിപ്ലോമയുള്ള വിനയ്പ്രകാശ് ലണ്ടന്‍ കിങ്‌സ് കോളജിലാണ് പഠനം പൂര്‍ത്തിയാക്കിയത്. യുഎന്‍ അംഗരാഷ്ട്രങ്ങളിലെ മനുഷ്യാവകാശപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ട പരിചയമുണ്ട്.

മീഡിയഎന്‍ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസ് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ രൂപപ്പെട്ടതോടെയാണ് ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായത്. രാജ്യത്തെ ഐടി നിയമവുമായി ട്വിറ്റര്‍ നയം യോജിച്ചുപോകേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തര്‍ക്കം പിന്നീട് കോടതി വ്യവഹാരങ്ങളിലേക്കും നീണ്ടു.

ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ഒരു പരാതി പരിഹാര ഓഫിസറെ നിയമിക്കണമെന്നും ഇതിന് ഇന്ത്യയില്‍ ഒരു ഓഫിസ് തുറക്കണമെന്നുമാണ് ഐടി നിയമം അനുശാസിക്കുന്നത്.