എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Update: 2026-01-30 13:44 GMT

കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ഒരു വിഭാഗം ട്വന്റി-20 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20 പ്രവര്‍ത്തകരുടെ പ്രാദേശിക നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ചേരുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി പി സജീന്ദ്രന്‍ പറഞ്ഞു. ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രാദേശിക നേതാക്കളാണ് ട്വന്റി-20 വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി. കൂടുതല്‍ പേര്‍ ഒപ്പം വരുമെന്നും ഇവര്‍ അവകാശപ്പെട്ടു.

'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് ചേരുന്നതിനായി തയ്യാറായി നില്‍ക്കുന്ന നിരവധിയാളുകള്‍ ഇനിയുമുണ്ട്. ട്വന്റി-20യില്‍ നിന്ന് ശമ്പളം വാങ്ങിക്കുന്നവരുടെ ശരീരം അവിടെയാണുള്ളതെങ്കിലും മനസുകൊണ്ട് അവര്‍ ഞങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് കൂടെയുണ്ട്. കോണ്‍ഗ്രസില്‍ ചേരുന്നവര്‍ക്കെല്ലാം പാര്‍ട്ടി സംരക്ഷണം നല്‍കും'. സജീന്ദ്രന്‍ വ്യക്തമാക്കി

നേരത്തെ, ട്വന്റി-20യുടെ എന്‍ഡിഎ മുന്നണിപ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു. വടവുകാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേല്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ രാജിവെച്ചവര്‍. എന്‍ഡിഎ സഖ്യത്തെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് അറിവില്ലായിരുന്നുവെന്നും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു നിലപാടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരുടെ രാജി.

പാലക്കാട് മുതലമടയിലും സാബു എം ജേക്കബിന്റെ ട്വന്റി 20യുമായുള്ള ബന്ധം പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതോടെ മുതലമട പഞ്ചായത്തില്‍ രൂപീകരിച്ച ട്വന്റി 20 നെന്മാറ മണ്ഡലം കമ്മിറ്റി ഇല്ലാതായി. പഴയതുപോലെ ജനകീയ വികസന മുന്നണിയായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. സാബു എം ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചതെന്ന് പാലക്കാട്ടെ നേതാക്കള്‍ പറഞ്ഞു.

ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം സാബു എം ജേക്കബിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതിനിടെയാണെന്ന വിമര്‍ശനം വ്യാപകമായിട്ടുണ്ട്. കോടികളുടെ വിദേശ നിക്ഷേപത്തില്‍ സാബു എം ജേക്കബിനെതിരേ ഫെമ ചട്ടലംഘനത്തില്‍ ഇഡി കേസ് എടുത്തിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്നുതവണ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

Tags: