സ്മൃതി ഇറാനിയുടെ മകളെക്കുറിച്ചുളള ട്വീറ്റുകള്‍ നീക്കം ചെയ്യണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം

Update: 2022-07-29 10:32 GMT

ന്യൂഡല്‍ഹി: സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ ബാര്‍ ഹോട്ടല്‍ ലൈസന്‍സ് അനധികൃതമായി കൈക്കലാക്കിയെന്ന് ട്വിറ്ററിലൂടെ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കളോട് അതുടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി. കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ജയറാം രമേഷ്, നെറ്റ ഡിസൂസ എന്നിവര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

ആഗസ്ത് 18ന് കോടതിയില്‍ ഹാജരാകണം. സ്മൃതി ഇറാനി നല്‍കിയ 2 കോടി രൂപയുടെ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി.

കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററിനോട് അതാവശ്യപ്പെടുമെന്ന് കോടതി പറഞ്ഞു.

സ്മൃതിക്കും കുടുബത്തിനും ട്വീറ്റ് വലിയ അപമാനമുണ്ടാക്കി. വസ്തുതകള്‍ പരിശോധിക്കാതെയാണ് പരാമര്‍ശങ്ങളുണ്ടായിട്ടുള്ളതെന്ന് ജസ്റ്റിസ് മിനി പുഷ്‌കര്‍മ പറഞ്ഞു.

കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജയ്‌റാ രമേശ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങളും വസ്തുതകളും കോടതിയുടെ മുന്നില്‍ ഹാജരാക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ആര്‍ക്കെങ്കിലുമെതിരേ എന്തെങ്കിലും പരാമര്‍ശങ്ങള്‍ നടത്തുംമുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്ന് കേന്ദ്ര മന്ത്രി കിരന്‍ റിജിജു പറഞ്ഞു.

അനധികൃതമായി സമ്പാദിച്ച ലൈസന്‍സ് ഉപയോഗിച്ച് മകള്‍ ഗോവയില്‍ ബാര്‍ ഹോട്ടല്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കെതിരേയാണ് സ്മൃതി ഇറാനി കോടതിയെ സമീപിച്ചത്. മരിച്ചുപോയ ഒരാളുടെ പേരിലുള്ള ലൈസന്‍സ് മകള്‍ സ്വന്തമാക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം. ഈ ഹോട്ടലിനെതിരേ ഗോവ എക്‌സൈസ് വകുപ്പ് നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ബിജെപിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നോട്ടിസ് പിന്നീട് പിന്‍വലിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.