ട്വീറ്റ് വിവാദം; തനിക്ക് ട്വിറ്റര്‍ അക്കൗണ്ടേയില്ലെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍

Update: 2022-02-09 03:54 GMT

ന്യൂഡല്‍ഹി: വംശീയ ട്വീറ്റ് വിവാദത്തില്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച് ജെഎന്‍യു വൈസ് ചാന്‍സലര്‍. തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് തന്നെയില്ലെന്ന് വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ് അവകാശപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറായി നിയമിതയായ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ് പല കാലങ്ങളായ നടത്തിയ ട്വീറ്റുകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എല്ലാ ആരോപണങ്ങളും നിഷേധിച്ചാണ് അവര്‍ രംഗത്തുവന്നിരിക്കുന്നത്. ട്വീറ്റുകള്‍ തന്റേതല്ലെന്നും തന്റെ പേരില്‍ മറ്റാരോ പടച്ചുവിട്ടതാണെന്നും അവര്‍ അവകാശപ്പെട്ടു. ജെഎന്‍യു സമരം, ഗാന്ധിവധം, സിഎഎ സമരം തുടങ്ങി പ്രധാനപ്പെട്ട പല വിഷയത്തിലും അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 

ജെഎന്‍യു കാംപസില്‍ തീവ്ര ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുകൊണ്ടിരുന്ന വിസി എം ജഗദീഷ് കുമാറിന്റെ പിന്‍ഗാമിയായി നിയമിതയായ ശാന്തിശ്രീയും വംശീയചിന്താധാര പിന്തുടരുന്നയാളാണെന്നായിരുന്നു ട്വീറ്റുകള്‍ കുത്തിപ്പൊക്കിയവരുടെ ആരോപണം.

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിന് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനെ അപലപിച്ച ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശിവശങ്കറിന്റെ അഭിപ്രായത്തിന് മറുപടിയായി ശാന്തിശ്രീ പണ്ഡിറ്റ് ഇടതുപക്ഷ ലിബറലുകളെ 'ജിഹാദികള്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. മറ്റൊരു ട്വീറ്റില്‍ പൗരാവകാശ പ്രവര്‍ത്തകരെ 'ചൈനീസ്' മാതൃകയിലുള്ള 'മാനസിക വൈകല്യമുള്ള ജിഹാദികള്‍' എന്ന് മുദ്രകുത്തി. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെ ന്യായീകരിച്ചും ശാന്തിശ്രീ രംഗത്തുവന്നു.

മഹാത്മാ ഗാന്ധിയുടെ കൊലപാതകം 'ദു:ഖകരം' എന്ന് അവര്‍ വിശേഷിപ്പിക്കുമ്പോഴും 'ഏകീകൃത ഇന്ത്യ'ക്ക് ഗാന്ധിയുടെ കൊലപാതകം മാത്രമായിരുന്നു ഒരു 'പരിഹാരം' എന്ന ചിന്തയില്‍നിന്ന് ഉയര്‍ന്നുവന്നതായിരുന്നു ഗോഡ്‌സെയുടെ നടപടിയെന്നാണ് ട്വീറ്റില്‍ പറയുന്നത്. 'ഇറ്റാലിയന്‍ വംശജ' എന്ന് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച ശാന്തിശ്രീ, ബിജെപിക്ക് വോട്ടുചെയ്യാനും ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ജെഎന്‍യുവിലെ ഇടതുപക്ഷ പ്രവര്‍ത്തകരെ 'നക്‌സല്‍ ജിഹാദികള്‍' എന്നായിരുന്നു അവരുടെ പരിഹാസം. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തുരത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 'മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള ഭീകരത'യായ 'ലൗ ജിഹാദ്' തടയാന്‍ 'അമുസ്‌ലിംകള്‍' ഉണരണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ 'പരാന്നഭോജികള്‍, ഇടനിലക്കാര്‍, ദലാലുകള്‍' എന്ന് വിളിച്ച് അവര്‍ കര്‍ഷകപ്രസ്ഥാനത്തെ പരിഹസിച്ചു. കൂടാതെ ശഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേയും അവര്‍ ആഞ്ഞടിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പടിച്ചുവിടുന്ന വിദ്വേഷം പരത്തുന്ന ട്രോളുകള്‍ അവര്‍ റീ ട്വീറ്റ് ചെയ്തതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശാന്തിശ്രീയുടെ നിയമനത്തിന് പിന്നാലെ നിരവധി വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും അവളുടെ ട്വീറ്റുകള്‍ കുത്തിപ്പൊക്കാന്‍ തുടങ്ങിയതോടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമാവുകയായിരുന്നു.

Tags: