ഭരണനിര്‍വ്വഹണത്തില്‍ കുത്തകകള്‍ പിടിമുറുക്കുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് തുളസീധരന്‍ പളളിക്കല്‍

Update: 2020-08-17 16:47 GMT

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 74ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി കൈയെത്താദൂരത്തു തന്നെയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ സോഷ്യന്‍ ഫോറം സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് 'സ്വാതന്ത്ര്യവും പൗരത്വവും' എന്ന വിഷയത്തില്‍ നടത്തിയ വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രധാന രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ജയിലുകളില്‍ അടക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന മുഴുവന്‍ ആളുകളെയും ഭീകരവാദം അല്ലങ്കില്‍ മാവോയിസം ആരോപിച്ച് കള്ളക്കേസില്‍ പെടുത്തി ജയിലുകളിലേക്ക് അയക്കുന്നു. പ്രായമോ ലിംഗഭേദമോ അതിനവര്‍ക്ക് തടസ്സമാകുന്നില്ല. ഗര്‍ഭിണിയായ സഫൂറ സര്‍ഗറും വയോധികനും കവിയുമായ വരവരറാവുവും അതിന്റെ പ്രതീകങ്ങളാണ്. മനുസ്മൃതി അനുസൃതമായ ഒരു ഭരണഘടനാമാറ്റമാണ് സംഘപരിവാരം ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി വെബിനാര്‍ ഉല്‍ഘാടനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ഉസ്മാന്‍ ആലുവ അദ്ധ്യക്ഷനായിരുന്നു. സഈദ് കൊമ്മച്ചി( ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം) യു ഷാനവാസ്( ഖത്തര്‍ ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം) ഡോ. മുബീന ജിഫാസ്(വിമണ്‍ ഫ്രട്ടേണിറ്റി ഖത്തര്‍) എ എം നജീബ്(തനത് സാംസ്‌കാരിക വേദി) എന്നിവര്‍ സംസാരിച്ചു.  

Tags: