ടുലിപ് ചെടികളും കശ്മീരി ബദാം മരങ്ങളും പൂവിട്ടു: ലോക്ഡൗണുകള്‍ക്കും ശൈത്യകാലത്തിനും ശേഷം കശ്മീര്‍ വസന്തത്തിലേക്ക്

കശ്മീരിലെ കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ആപ്രിക്കോട്ട്, ബദാം മരങ്ങള്‍ പൂവിടുമ്പോള്‍ കശ്മീര്‍ വസന്തത്തിന്റെ കൊടുമുടിയിലാണെന്നും നിറങ്ങളുടെ കലാപം കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുകയാണെന്നും ടൂറിസം ഡയറക്ടര്‍ ജി. എന്‍ ഇറ്റു പറഞ്ഞു

Update: 2021-03-22 03:33 GMT
ശ്രീനഗര്‍: കശ്മീരില്‍ ടുലിപ് ചെടികളും കശ്മീരി ബദാം മരങ്ങളും പൂവിട്ടതോടെ വസന്തകാലമെത്തി. കൊവിഡ് കാല ലോക്ഡൗണുകളും, പ്രത്യേകപദവി ഒഴിവാക്കിയതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും, അതിശൈത്യവും മാറി വസന്തകാലം എത്തിയതോടെ താഴ്‌വരയിലെ ജനത മനോഹര കാഴ്ച്ചകള്‍ കാണാനുള്ള യാത്രയിലാണ്.





 


പൂവിട്ടുനിര്‍ക്കുന്ന കശ്മീരി ബദാം മരങ്ങളുടെ മനോഹര കാഴ്ച്ച ആസ്വദിക്കാന്‍ ബദാം തോട്ടങ്ങളിലേക്ക് സഞ്ചാരികള്‍ വരുന്നുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളുമായി ദിവസം മുഴുവന്‍ ചിലവഴിക്കാനുള്ള ഒരുക്കത്തോടെയാണ് ശ്രീനഗറിലെ ബദാം തോട്ടത്തില്‍ കുടുംബസമ്മേതം വന്നതെന്ന് ഗോജ്വര നിവാസിയായ ഫിറോസ് ജാന്‍ പറഞ്ഞു. 2019 ഓഗസ്റ്റ് 5 ന് ശേഷം ആദ്യമായാണ് കുടുംബത്തോടൊപ്പം ഇത്തരം യാത്ര നടത്തുന്നതെന്നും കുട്ടികള്‍ ശാന്തവും മനോഹരവുമായ എന്തെങ്കിലും അനുഭവിക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം പറഞ്ഞു.


കശ്മീരിലെ കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ആപ്രിക്കോട്ട്, ബദാം മരങ്ങള്‍ പൂവിടുമ്പോള്‍ കശ്മീര്‍ വസന്തത്തിന്റെ കൊടുമുടിയിലാണെന്നും നിറങ്ങളുടെ കലാപം കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുകയാണെന്നും ടൂറിസം ഡയറക്ടര്‍ ജി. എന്‍ ഇറ്റു പറഞ്ഞു. പ്രത്യേക സാംസ്‌കാരിക പരിപാടികളും ഇതിനോടനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.




 


ഇന്ത്യയിലെ മറ്റേതു പ്രദേശങ്ങളിലെ ജനതയെക്കാളും മാനസിക പിരുമുറുക്കം അനുഭവിക്കുന്നവരാണ് കശ്മീരിലെ ജനങ്ങളെന്നും ഇത്തരം അവസരങ്ങള്‍ അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ വളരെ സഹായകരമാണെന്നും മഹാരാജ ഹരി സിംഗ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. അര്‍ഷാദ് ഹുസൈന്‍ അഭിപ്രായപ്പെടുന്നു. കശ്മീര്‍ ജനതയുടെ 47% പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസികാഘാതം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. വിഷാദരോഗം (41%), ഉത്കണ്ഠ (26%), പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (19%) എന്നിവ വര്‍ധിക്കുകയാണെന്നും മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.





 



Tags: