'ഞാന്‍ ഐഎന്‍എല്‍ ദേശീയ സെക്രട്ടറി, അഖിലേന്ത്യ തലത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കാം'; മന്ത്രി അഹ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: താന്‍ ഐഎന്‍എല്‍ ദേശീയ സെക്രട്ടറിയാണെന്നും അഖിലേന്ത്യ തലത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കാമെന്നും മന്ത്രി അഹ്മദ് ദേവര്‍കോവില്‍. ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഞാന്‍ ഐഎന്‍എല്‍ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യ തലത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കാം. പാര്‍ട്ടി സംസ്ഥാന സംവിധാനമല്ല, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ദേശീയ നേതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നലെ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കും. ഞാന്‍ പാര്‍ട്ടിയുടെ ഭാഗത്താണ്. ഐഎന്‍എല്‍ എന്നത് ഒരു ദേശീയ സംവിധാനമാണ്- ദേവര്‍കോവില്‍ പറഞ്ഞു.
കൊച്ചിയില്‍ ഇന്നലെ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബും, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനം നടത്തി ഇരുപക്ഷങ്ങള്‍ പരസ്പരം പുറത്താക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.