ലോകാരോഗ്യ സംഘടനയ്ക്കും ട്രംപിന്റെ ഭീഷണി

Update: 2020-04-08 08:54 GMT

വാഷിങ്ടണ്‍: ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരേയും ട്രംപ്. ലോകാരോഗ്യസംഘടന ചൈനയോട് പക്ഷപാതിത്തം കാണിക്കുന്നുവെന്നും അത് തുടര്‍ന്നാല്‍ സംഘടനയ്ക്കുള്ള സംഭാവന നിര്‍ത്തലാക്കുമെന്നുമായിരുന്നു ഭീഷണി.

ലോകാര്യോഗ്യ സംഘടയുടെ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക ഇടപെടാന്‍ ഒരുങ്ങുകയാണെന്നും സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ പണംനല്‍കുന്നത് അമേരിക്കയാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു.

''സംഘടയ്ക്ക് നല്‍കുന്ന പണം ഞങ്ങള്‍ നിയന്ത്രിക്കും'' അമേരിക്കക്കായിരിക്കണം മുന്‍തൂക്കമെന്നാണ് ട്രംപിന്റെ നിലപാട്. ഇതേ നിലപാടില്‍ നിന്ന് അദ്ദേഹം ഐക്യരാഷ്ട്രസഭയെയും വിമര്‍ശിച്ചിരുന്നു.

എത്ര തുകയാണ് പിടിച്ചുവയ്ക്കുകയെന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയില്ല. താനത് ഉടന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ നയങ്ങള്‍ ചൈനാ കേന്ദ്രീകൃതമാണെന്നാണ് ട്രംപിന്റെ ആരോപണം. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതിനെതിരേ ഐക്യരാഷ്ട്രസഭയിലെ വിവിധ സംഘടനകള്‍ രംഗത്തുവന്നത് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന അത്തരം തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കിയത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു.

എന്തായാലും അവരുടെ ഉപദേശം താന്‍ കണക്കിലെടുത്തില്ലെന്നും ചൈനയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കെന്ന നിലപാടില്‍ ഉറച്ചുനിന്നത് ഭാഗ്യമായെന്നും ട്രംപ് പറഞ്ഞു.


അതേസമയം കൊറോണ വൈറസ് ബാധ ഗുരുതരമായ രോഗമല്ലെന്ന നിലപാടാണ് ആദ്യം മുതലേ ട്രംപ് എടുത്തിരുന്നത്. അതിന്റെ പേരില്‍ അദ്ദേഹം ലോകമാസകലം വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.


കൊവിഡ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ 12,000 പേരാണ് മരിച്ചത്.




Tags:    

Similar News