വാഷിങ്ടണ്‍: ഇസ്രായേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരേ ആക്രമണം തുടരുന്നതിനിടെ മറ്റു രാജ്യങ്ങള്‍ക്കുമെതിരേ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിന് പിന്നാലെ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ക്യൂബന്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണി വീണ്ടും ഉയര്‍ത്തിയ ട്രംപ്, ഇറാനെതിരായ യുദ്ധം പൂര്‍ത്തിയായ ശേഷം ക്യൂബയില്‍ യുഎസ് നടപടി ആരംഭിക്കുമെന്ന് വ്യക്തമാക്കി.
ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായും ട്രംപ് പറഞ്ഞു. ഇതിന് പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് നന്ദിയും അറിയിച്ചു. 'ക്യൂബയില്‍ സംഭവിക്കുന്നത് അല്‍ഭുതകരമാണ്. ആദ്യം ഇറാനിലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണം. അതിന് ശേഷം ക്യൂബയിലേക്ക് കടക്കും. ഇത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്,' ട്രംപ് പറഞ്ഞു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന നിലപാടിലാണ് ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും. ഇതിനായി സാമ്പത്തിക സമ്മര്‍ദ്ദവും ഉപരോധങ്ങളും ശക്തമാക്കി വരികയാണ്.
ജനുവരിയില്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ രാജ്യത്ത് കടന്നുകയറി തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ക്യൂബയിലേക്കുള്ള എണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളായി അമേരിക്ക ക്യൂബയ്‌ക്കെതിരേ കടുത്ത സാമ്പത്തിക ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് വെനിസ്വേലയ്‌ക്കെതിരേയും ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചത്.