അമേരിക്കയില്‍ ട്രംപിന്റെ നയങ്ങള്‍ക്ക് കടുത്ത വിമര്‍ശനം; പിന്തുണ കുറഞ്ഞതായി റിപോര്‍ട്ട്

Update: 2026-01-24 06:47 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം കാലാവധിയുടെ ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 37 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളതെന്ന് സര്‍വേ റിപോര്‍ട്ട്. കാനഡയിലെ പ്രമുഖ പൊതുജനാഭിപ്രായ പഠന സ്ഥാപനമായ ആംഗസ് റീഡ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

സര്‍വേയില്‍ പങ്കെടുത്ത അമേരിക്കക്കാരില്‍ 56 ശതമാനവും ട്രംപിന്റെ നയങ്ങളെയും നിലപാടുകളെയും ശക്തമായി എതിര്‍ത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികളില്‍ പോലും പ്രസിഡന്റിനോടുള്ള അസന്തോഷം ഗണ്യമായി ഉയര്‍ന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ ഭരണ അജണ്ടയിലെ 17 പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാണ് പൊതുജനാഭിപ്രായം വിലയിരുത്തിയത്. ഇതില്‍ രണ്ടു വിഷയങ്ങളില്‍ മാത്രമാണ് എതിര്‍പ്പിനെക്കാള്‍ കൂടുതല്‍ പിന്തുണ നേടാന്‍ പ്രസിഡന്റിന് സാധിച്ചത്. മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ അനധികൃത പ്രവേശനം കുറയുന്നതും ഓഹരി വിപണിയുടെ പ്രകടനവും സംബന്ധിച്ച വിഷയങ്ങളിലാണ് അനുകൂല അഭിപ്രായം കൂടുതലായി രേഖപ്പെടുത്തിയത്.

അതേസമയം, ജീവിതച്ചെലവ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ സമീപനത്തിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 70 ശതമാനവും ഈ വിഷയത്തില്‍ പ്രസിഡന്റിന്റെ ഭരണരീതിയെ എതിര്‍ത്തതായി റിപോര്‍ട്ടില്‍ പറയുന്നു.

Tags: