ട്രംപ് ഭരണകൂടത്തിന്റെ പുതിയ കടുത്ത നീക്കം; വിദേശികളുടെ തൊഴില്‍ രേഖകളുടെ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ റദ്ദാക്കി
വാഷിങ്ടണ്‍: അമേരിക്കയിലെ വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി ട്രംപ് ഭരണകൂടം പുതിയ കടുത്ത നിയമം നടപ്പാക്കി. എച്ച്1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയതിനു പിന്നാലെ, തൊഴില്‍ അംഗീകാര രേഖകളായ ഇഎഡി (Employment Authorisation Document)കളുടെ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ റദ്ദാക്കാന്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് തീരുമാനിച്ചു.
540 ദിവസത്തെ കാലാവധി 180 ദിവസമായി ചുരുക്കുന്ന ഈ പുതിയ നിയമം ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും. അതനുസരിച്ച്, ഇനി മുതല്‍ വിദേശികള്‍ക്ക് ഇഎഡി പുതുക്കല്‍ നേരിട്ട് നിര്‍വ്വഹിക്കേണ്ടിവരും. 'യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജോലി ചെയ്യുന്നത് ഒരു അവകാശമല്ല, ഒരു പദവി മാത്രമാണ്,' എന്ന് യുഎസ്സിഐഎസ് ഡയറക്ടര്‍ ജോസഫ് എഡ്ലോ വ്യക്തമാക്കി. രേഖകള്‍ പുതുക്കുന്നതില്‍ താമസമുണ്ടായാല്‍ തൊഴിലാവകാശം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ഇതുവരെ, സമയബന്ധിതമായി ഫോം l 765 സമര്‍പ്പിച്ചവര്‍ക്ക് 540 ദിവസത്തേക്ക് ഓട്ടോമാറ്റിക് വിപുലീകരണ സൗകര്യം ലഭിച്ചിരുന്നു. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ പഴയ രേഖ കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കല്‍ അംഗീകരിക്കാത്ത പക്ഷം തൊഴിലാളികള്‍ തല്‍ക്ഷണം ജോലി നിര്‍ത്തേണ്ടി വരും. ഇന്ത്യന്‍ കുടിയേറ്റക്കാരും അവരുടെ കുടുംബങ്ങളും ഇതില്‍നിന്ന് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍. യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ ഏകദേശം 4.8 ദശലക്ഷം ഇന്ത്യന്‍ അമേരിക്കക്കാറുണ്ട്. ഇതില്‍ 66 ശതമാനവും കുടിയേറ്റക്കാരാണ്.
സെപ്റ്റംബര്‍ 19ന് എച്ച്1 ബി വിസ ഫീസ് പ്രതിവര്‍ഷം 100,000 ഡോളറായി ഉയര്‍ത്തുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിനു പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്.
