വിലക്കയറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ രൂക്ഷം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Update: 2026-01-02 11:42 GMT

വാഷിങ്ടണ്‍: ഇറാനില്‍ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരേ വ്യാപകമായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ, രാജ്യത്തെ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ ഭരണകൂടം അക്രമം അഴിച്ചുവിടുകയാണെങ്കില്‍ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തുമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ''ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു, പോകാന്‍ സജ്ജരാണ്,'' എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

തലസ്ഥാനമായ ടെഹ്‌റാനില്‍ കടയുടമകള്‍ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. കറന്‍സിയുടെ കുത്തനെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പടിഞ്ഞാറന്‍ ഇറാനിലെ ലോര്‍ദ്ഗന്‍, മധ്യപ്രവിശ്യയിലെ ഇസ്ഫഹാന്‍ എന്നിവിടങ്ങളിലും സുരക്ഷാസേനയും സമരക്കാരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. ചൊവ്വാഴ്ച സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നതോടെ സമരം കൂടുതല്‍ ശക്തമായി. നിരവധി പ്രദേശങ്ങളില്‍ വാണിജ്യസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിഷേധം നിരവധി പ്രവിശ്യകളിലേക്ക് വ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇറാനിയന്‍ സമ്പദ് വ്യവസ്ഥ വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള അന്താരാഷ്ട്ര ആശങ്കകളാണ് ഉപരോധങ്ങള്‍ക്ക് വഴിവച്ചത്. കഴിഞ്ഞ ജൂണില്‍ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ സംഘര്‍ഷവും നിലവിലെ പ്രതിസന്ധിക്ക് കൂടുതല്‍ ആക്കംകൂട്ടിയതായി വിലയിരുത്തപ്പെടുന്നു.

Tags: