ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

Update: 2026-01-13 05:30 GMT

വാഷിങ്ടണ്‍: ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന എല്ലാ ബിസിനസുകള്‍ക്കും 25 ശതമാനം അധിക താരിഫ് നല്‍കേണ്ടി വരും. ഈ ഉത്തരവ് അന്തിമവും നിര്‍ണ്ണായകവുമാണ്'- ട്രംപ് കുറിച്ചു.

ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളായ ഇന്ത്യ, ചൈന, ബ്രസീല്‍, തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളെ അമേരിക്കയുടെ ഈ തീരുമാനം സാരമായി ബാധിക്കും. നിലവില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം വരെ നികുതി അമേരിക്ക ചുമത്തിയിട്ടുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുണ്ട്.

അതേസമയം, അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സന്ദേശം ഇറാന്‍ നല്‍കിയതായും എന്നാല്‍ താന്‍ അതിന് മുന്‍പേ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Tags: