റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ ഉടന്‍ നിര്‍ത്തുമെന്ന് ട്രംപ്

Update: 2025-10-16 06:01 GMT

വാഷിങ്ടണ്‍: ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഉടന്‍ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയതായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുക്രെയ്നുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ റഷ്യന്‍ എണ്ണ മറ്റ് രാജ്യങ്ങള്‍ വാങ്ങുന്നത് തടയാന്‍ യുഎസ് ഇടപെട്ടിരുന്നു.

'റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം (പ്രധാനമന്ത്രി മോദി) എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഉടനടി സംഭവിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്കറിയാം. ഇതൊരു പ്രക്രിയയാണ്, പക്ഷേ ഈ പ്രക്രിയയും ഉടന്‍ പൂര്‍ത്തിയാകും.' ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍, റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിക്കാന്‍ തനിക്ക് എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷം അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യക്ക് റഷ്യയില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങാന്‍ കഴിയുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

എന്നിരുന്നാലും, ഈ ഉറപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ട്രംപ് ഭരണകൂടത്തിന്റെ നിരവധി ഭീഷണികളും പിഴകളും ഉണ്ടായിട്ടും, ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഡല്‍ഹി ഇതിനെ തങ്ങളുടെ നിഷ്പക്ഷ നയത്തിന്റെ ഭാഗമായി നിരന്തരം വിശേഷിപ്പിച്ചിട്ടുണ്ട്. ആഗോള ഊര്‍ജ്ജ വിപണിയിലെ അസ്ഥിരത തടയുന്നതില്‍ നിര്‍ണായകമായ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് റഷ്യ പ്രധാനമാണെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Tags: