വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറി വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഇറാനില്‍ നിന്ന് ഇന്ത്യ വന്‍തോതില്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലും ഇറാനിലും നിന്ന് ഇന്ത്യ വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നുവെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട് ചൈനയുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ യുഎസ് ശ്രമിക്കുകയാണെന്നും, ഇന്ത്യയുമായി അത്തരത്തിലൊരു കരാര്‍ ഇതിനകം നിലവിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഇറാന്‍ എണ്ണയ്ക്ക് പകരം വെനസ്വേലന്‍ ക്രൂഡ് ഇന്ത്യ വാങ്ങുന്നതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
ഇതിനിടെയാണ് വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംസാരിച്ചത്. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി റിപോര്‍ട്ടുണ്ട്. വെനസ്വേലന്‍ നേതാവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം, റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരേ ഡോണള്‍ഡ് ട്രംപ് മുന്‍പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവാത്തതാണെന്നും റഷ്യന്‍ എണ്ണ വാങ്ങല്‍ തുടര്‍ന്നാല്‍ അധിക തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
