തീരുവ ചുമത്താന്‍ തനിക്ക് അധികാരമില്ലായിരുന്നുവെങ്കില്‍, കുറഞ്ഞത് നാലുയുദ്ധങ്ങളെങ്കിലും നടക്കുമായിരുന്നുവെന്ന് ട്രംപ്
വാഷിങ്ടണ്‍ : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം തടഞ്ഞത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഓവല്‍ ഓഫീസില്‍ നിന്ന് സംസാരിച്ച ട്രംപ്, അമേരിക്കയുടെ താരിഫ് നിലപാടിനെ ന്യായീകരിച്ചു. താരിഫ് നയം അമേരിക്കയെ സാമ്പത്തികമായി ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യയും പാകിസ്താനും പോലുള്ള രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്‌തെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയ്ക്ക് തീരുവകള്‍ വളരെ പ്രധാനമാണെന്നും നമ്മള്‍ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ സമ്പാദിക്കുക മാത്രമല്ല, തീരുവകള്‍ കാരണം നമ്മള്‍ സമാധാനപാലകരുമായിതീരുന്നെന്നും ട്രംപ് പറഞ്ഞു.
തീരുവകള്‍ വെറുമൊരു സാമ്പത്തിക ഉപാധി മാത്രമല്ല, സമാധാനം നിലനിര്‍ത്തുന്നതിനുള്ള ഒരു ഉപാധി കൂടിയാണ്. തീരുവ ചുമത്താന്‍ തനിക്ക് അധികാരമില്ലായിരുന്നുവെങ്കില്‍, കുറഞ്ഞത് നാലുയുദ്ധങ്ങളെങ്കിലും നടക്കുമായിരുന്നു. യുദ്ധങ്ങള്‍ നിര്‍ത്താന്‍ ഞാന്‍ തീരുവകള്‍ ഉപയോഗിക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത്, തങ്ങളുടെ വ്യാപാര, താരിഫ് സംബന്ധമായ ഇടപെടലുകള്‍ പിരിമുറുക്കങ്ങള്‍ കുറച്ചതായും ട്രംപ് പറഞ്ഞു.