ത്രിപുര സംഘര്‍ഷം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള നിയമ നടപടിക്ക് സ്റ്റേ ഏര്‍പ്പെടുത്തി സുപ്രിംകോടതി; സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു

Update: 2021-12-08 12:10 GMT

ന്യൂഡല്‍ഹി: ത്രിപുര വംശീയാക്രമണം റിപോര്‍ട്ട് ചെയ്തതിന് അറസ്റ്റിലായ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള നിയമനടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തി സുപ്രിംകോടതി. എച്ച്ഡബ്ല്യു നെറ്റ് വര്‍ക്കിലെ സമൃദ്ധി ശകുനിയ, സ്വര്‍ണ ഝാ എന്നിവര്‍ക്കെതിരേയുള്ള നടപടികളിലാണ് ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച് അടുത്ത നാല് ആഴ്ചയ്ക്കുള്ളില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ത്രിപുര സര്‍ക്കാരിന് നോട്ടിസ് അയച്ചു. 

ഇത് ഈ കേസിലെ ആദ്യ വിജയമാണെന്ന് സമൃദ്ധി ശകുനിയ പ്രതികരിച്ചു.  

ത്രിപുരയില്‍ നടന്ന മുസ് ലിംവിരുദ്ധ കലാപം റിപോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇരുവരെയും ത്രിപുര പോലിസ് മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഇരുവര്‍ക്കും കഴിഞ്ഞ നവംബര്‍ 14ന് ജാമ്യം ലഭിച്ചിരുന്നു. തങ്ങള്‍ ഇരകളുടെ മൊഴിയനുസരിച്ചാണ് റിപോര്‍ട്ട് ചെയ്തതെന്ന് ഇരുവരും കോടതിയെ അറിയിച്ചു.

''മാധ്യമപ്രവര്‍ത്തകരെ ഒരു എഫ്‌ഐആര്‍ ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്. ആ കേസില്‍ ജാമ്യം ലഭിച്ചു. ഇപ്പോള്‍ വീണ്ടും ഒരു എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നു. അത് അംഗീകരിക്കാനാവില്ല''- മാധ്യമപ്രവര്‍ത്തകരുടെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ലുഥ്‌റ പറഞ്ഞു.

അസമിലെ കരിംഗഞ്ചില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിശ്വഹിന്ദു പരിഷത്ത് നല്‍കിയ പരാതിയില്‍ ത്രിപുര പോലിസാണ് കേസെടുത്തത്.

ത്രിപുരയിലെ പാനിസാഗറില്‍ മുസ്‌ലിം പള്ളിയും കടകളും തകര്‍ത്ത സംഭവത്തെക്കുറിച്ച് ഇരുവരും വിശദമായി റിപോര്‍ട്ട് ചെയ്തിരുന്നു. ത്രിപുരയില്‍ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ കത്തിച്ചിരുന്നു. ആ സ്ഥലം സന്ദര്‍ശിച്ചശേഷം ശകുനിയ ചെയ്ത ഒരു ട്വീറ്റിനെതിരേയായിരുന്നു പരാതി. മതപരമായ ഒരു ഗ്രന്ഥവും കത്തിച്ചിട്ടില്ലെന്നാണ് ത്രിപുര പോലിസ് അവകാശപ്പെടുന്നത്.

ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ സമയത്ത് ഹിന്ദു വിഭാഗങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തിന്റെ മറവിലാണ് ഹിന്ദുത്വ സംഘടനകള്‍ ത്രിപുരയില്‍ ആക്രമണം സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളം നിരവധി മുസ് ലിം പള്ളികളും സ്ഥാപനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടു. പൊതുവെ ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടില്ല. ഇത്തരം ഒരു സംഭവം നടന്നത് ത്രിപുര സര്‍ക്കാരും നിഷേധിച്ചു. 

Tags: