കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനില്‍ തൃണമൂലിന് തകര്‍പ്പന്‍ വിജയം

Update: 2021-12-21 18:11 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആകെയുള്ള 144 വാര്‍ഡില്‍ 134ഉം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് ആകെ മൂന്ന് വാര്‍ഡുകളാണ് സ്വന്തമാക്കാനായത്. ഇന്നായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും രണ്ട് വാര്‍ഡുകള്‍ വീതം നേടി. മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ കരസ്ഥമാക്കി.

പ്രദേശത്ത് ഭീതി വിതച്ചുകൊണ്ടാണ് 144ല്‍ 134സീറ്റും തൃണമൂലിന് നേടാനായതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു. അത്തരമൊരു പശ്ചാത്തലം സൃഷ്ടിച്ചതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അദ്ദേഹം പരിഹാസപൂര്‍വം അഭിനന്ദിച്ചു.

പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിച്ചതായും അതിന്റെ ഭാഗമാണ് വിജയമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ഡിസംബര്‍ 19നായിരുന്നു കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്. ഡിസംബര്‍ 21ന് വോട്ടെണ്ണി.

2015 തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 114 സീറ്റും ഇടത് പക്ഷത്തിന് 15സീറ്റും ലഭിച്ചിരുന്നു. ബിജെപിക്ക് ആ വര്‍ഷം 6 സീറ്റാണ് ലഭിച്ചത്. 

Tags:    

Similar News