തൃണമൂല്‍ മുന്‍ എം പി ദിനേഷ് ത്രിവേദിയും ബിജെപിയിലേക്ക്

Update: 2021-03-06 08:18 GMT

ന്യൂഡല്‍ഹി: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്് അടുത്തിരിക്കെ തൃണമൂലില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. തൃണമൂല്‍ രാജ്യസഭ എംപിയായ ദിനേഷ് ത്രിവേദിയാണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ദിനേഷ് ത്രിവേദി ബിജെപിയിലേക്ക് പേയേക്കുമെന്ന് നേരത്തെയും സൂചനയുണ്ടായിരുന്നു. അദ്ദേഹം ഫെബ്രുവരി 12ാം തിയ്യതി രാജ്യസഭ അംഗത്വം രാജിവച്ചിരുന്നെങ്കിലും ബിജെപിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല.

''ഇത് എനിക്ക് ദീര്‍ഘകാലമായി കാത്തിരുന്ന ഒരു സുവര്‍ണ അവസരമാണ്. നദ്ദജിയും എന്റെ സുഹൃത്തുക്കളും ഇതിനായി കാത്തിരിക്കുകയായിരുന്നു. ഞാന്‍ ഒരിക്കലും പ്രത്യയശാസ്ത്രം വിട്ട് കളിക്കില്ല. രാഷ്ട്രമാണ് എനിക്ക് എന്തിലും മുകളില്‍. എല്ലാവരും പ്രധാനമന്ത്രി മോദിയില്‍ വിശ്വസിക്കുന്നു. ബിജെപിയാണ് രാജ്യത്തെ സുരക്ഷിതമാക്കാന്‍ കഴിയുന്ന പാര്‍ട്ടി''- ത്രിവേദി പറഞ്ഞു.

രാജ്യസഭയില്‍ നിന്ന് രാജിവയ്ക്കുന്നതോടൊപ്പം തൃണമൂലില്‍ നിന്നുകൂടി ത്രിവേദി രാജി സമര്‍പ്പിച്ചിരുന്നു. തനിക്ക് തൃണമൂലില്‍ വലിയ ശ്വാസംമുട്ടല്‍ അനുഭവിക്കേണ്ടിവന്നുവെന്നാണ് രാജിവയ്ക്കുന്നതിനു കാരണമായി അദ്ദേഹം പറഞ്ഞത്. ബംഗാളില്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന അക്രമസംസ്‌കാരത്തെക്കുറിച്ചും ത്രിവേദി പരാതിപ്പെട്ടിരുന്നു.

ഇതിനകം നിരവധി മുന്‍മന്ത്രിമാരും എംഎല്‍എമാരുമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Tags: