'ത്രിഭാഷാ നയം' ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രം: ഉദയനിധി സ്റ്റാലിന്‍
ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രാദേശിക മാതൃഭാഷകള്‍ ഇല്ലാതാവാന്‍ കാരണമാകുമെന്നും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ദോഷകരമായി ബാധിക്കുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന 'ത്രിഭാഷാ നയം' യഥാര്‍ഥത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രമാണെന്ന് ഉദയനിധി വിമര്‍ശിച്ചു. ചെന്നൈയില്‍ നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പ്രദേശത്തിന്റെയും തനതായ സ്വത്വവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കപ്പെടണമെങ്കില്‍ മാതൃഭാഷകള്‍ നിലനില്‍ക്കണം. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും, ഇതിനെതിരെ ഡിഎംകെ ശക്തമായ നിലപാട് തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഭാഷാ സമരത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും തമിഴ് സ്വത്വത്തിനായി പോരാടുമെന്നും ഡിഎംകെ നേതൃത്വം പ്രഖ്യാപിച്ചു.ഹിന്ദിയുടെ ആധിപത്യം മൂലം വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹരിയാന്‍വി, ഭോജ്പുരി, ബിഹാറി തുടങ്ങിയ പ്രാദേശിക ഭാഷകള്‍ അപ്രത്യക്ഷമായത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളിലെന്നപോലെ ഭാവിയിലും തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നേരത്തെ വ്യക്തമാക്കിയിരുന്നു.