1971ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെ ആദരിക്കലും കുടുംബസംഗമവും ഡിസംബര്‍ 12ന് അരീക്കോട്
അരീക്കോട്: ഓപ്പറേഷന്‍ കാക്ടസ് ലില്ലി എന്നു നാമകരണം ചെയ്ത 1971ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെ ആദരിക്കലും കുടുംബ സംഗമവും ഡിസംബര്‍ 12ന് അരീക്കോട് നടക്കും. കേരള സ്‌റ്റേറ്റ് എക്‌സ്‌സര്‍വിസ് ലീഗ് കൊണ്ടോട്ടി ബ്ലോക്ക് ഭാരവാഹികള്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
1971 ഡിസംബര്‍ 3 മുതല്‍ 15 വരെയാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ 14 ദിവസം നീണ്ട യുദ്ധം നടന്നത്. അതിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വിസസ് ലീഗ് കൊണ്ടോട്ടി ബ്ലോക്ക് അന്നത്തെ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്മാരെയും അന്ന് സര്‍വീസില്‍ ഉണ്ടായിരുന്ന മറ്റ് സൈനികരെയും ആദരിക്കുന്നത്. അരീക്കോട് ജിം ഓഡിറ്റോറിയത്തില്‍വച്ചാണ് പരിപാടി നടക്കുന്നത്. കുടുംബ സംഗമത്തോടൊപ്പം കുട്ടികളുടെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
കൊണ്ടോട്ടി കീഴില്‍ ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളില്‍ നിന്നായി 66 ജവാന്‍മാര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്തുടനീളം സംഘടനയുടെ കീഴില്‍ ബ്ലോക്കടിസ്ഥാനത്തില്‍ ആഘോഷം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാന നേതാക്കള്‍ കാസര്‍കോഡു നിന്ന് തിരുവനന്തപുരം വരെ ദീപശിഖാ പ്രയാണം നടത്തും. അതിന്റെ ജില്ലാതല സ്വീകരണം 16നു മലപ്പുറത്തുവച്ച് നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ലഫ് കേണല്‍ (റിട്ട) വി ശ്രീധരന്‍, കെ ടി ബഷീര്‍(റിട്ട), വി പി മുസ്തഫ(റിട്ട), അലി വിപി (റിട്ട) മോളയില്‍ ഷൗക്കത്തലി(റിട്ട) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
